കോണ്‍ഗ്രസ് അധ്യക്ഷനെ ജാലിയന്‍വാലാബാഗ് ട്രസ്റ്റി സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ പാസാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ മറികടന്ന് ജാലിയന്‍വാലാ ബാഗ് ദേശീയ സ്മാരകത്തിന്റെ ട്രസ്റ്റി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കി. 214 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 30 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടുചെയ്തതത്. കോണ്‍ഗ്രസ്, ആര്‍.എസ്.പി, എന്‍.സി.പി, ടി.എം.സി, ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. രാജ്യസഭകൂടി ബില്‍ പാസാക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷനെ ജാലിയന്‍വാലാബാഗ് നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റി സ്ഥാനത്തുനിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ട്രസ്റ്റി സ്ഥാനത്തുണ്ടാകും. പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തില്‍ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് ട്രസ്റ്റിയാവും.

1951 ലെ ജാലിയന്‍വാലാ ബാഗ് നാഷണല്‍ മെമ്മോറിയല്‍ ആക്ടാണ് ഭേദഗതി ചെയ്തത്. പ്രധാനമന്ത്രിയാണ് നിലവില്‍ ട്രസ്റ്റ് ചെയര്‍മാന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്പഞ്ചാബ് മുഖ്യമന്ത്രിയും ഗവര്‍ണറും തുടങ്ങിയവര്‍ അംഗങ്ങളാണ്.

എന്നാല്‍ ചരിത്രം തിരുത്തിയെഴുതാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചരിത്ര പ്രാധാന്യമുള്ള സ്ഥലം രാഷ്ട്രീയ സ്മാരകമാക്കാനല്ല, ദേശീയ സ്മാരകമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജാലിയന്‍ വാലാബാഗ് നാഷണല്‍ മെമ്മോറിയല്‍ ഭേദഗതി ബില്‍ അവതരിപ്പിച്ച സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു. ഒരു സ്ഥാപനത്തെ രാഷ്ട്രീയവത്കരിക്കുകയല്ല, ദേശസാത്കരിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സ്മാരകത്തിന്റെ വികസനത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. ദേശീയ സ്മാരകത്തിന്റെ ട്രസ്റ്റി സ്ഥാനം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സ്വന്തമാക്കി വെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Top