കുനാല്‍ കമ്രയുടെ വിലക്കിനെതിരെ പ്രതിഷേധവുമായി ഇന്‍ഡിഗോയിലെ യാത്രക്കാര്‍

ന്യൂഡല്‍ഹി: ഹാസ്യകലാകാരന്‍ കുനാല്‍ കമ്രക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മലയാളികളടക്കമുള്ള യാത്രക്കാര്‍. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ വിമാനയാത്രക്കിടെ ചോദ്യം ചെയ്തതിനെതിരെയാണ് കുനാലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്‍ഡിഗോയുടെ വരാണസി-ഡല്‍ഹി വിമാനത്തിലും, എയര്‍ ഇന്ത്യയുടെ കണ്ണൂര്‍-അബൂദാബി വിമാനത്തിലുമാണ് യാത്രക്കാര്‍ കുനാല്‍ കമ്രക്ക് പിന്തുണയുമായി പ്രതിഷേധ പ്രകടനം നടത്തിയത്. പരിസ്ഥിതി പ്രവര്‍ത്തക പ്രിയ പിള്ളയുടെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ഇന്റിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ ആറ് മാസത്തെ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാല്‍ കമ്ര രംഗത്ത് എത്തിയിരുന്നു. വിമാനയാത്ര വിലക്കിനെതിരെ കുനാല്‍ കമ്ര ഇന്‍ഡിഗോ എയര്‍ലൈന്‍സിനു വക്കീല്‍ നോട്ടീസ് അയച്ചു. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കമ്പനിയോട് കമ്ര നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ കുനാല്‍ കമ്രക്ക് പിന്തുണയുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. 2017ല്‍ കേന്ദ്രം കൊണ്ടുവന്ന യാത്രക്കാരെ വിലക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം ഏത് കമ്പനിയുടെ യാത്രവിമാനത്തിലും മോശമായി പെരുമാറുന്ന യാത്രക്കാരനെ മറ്റ് എയര്‍ലൈനുകള്‍ക്ക് വിശദമായ അന്വേഷണം നടത്തി വിലക്കാം എന്ന് പറയുന്നുണ്ട്. അത് പ്രകാരമാണ് കുനാലിനെ എയര്‍ ഇന്ത്യയും മറ്റ് എയര്‍ലൈനുകളും വിലക്കിയത് എന്നാണ് വ്യോമയാന വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.

Top