വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചില്ല; പൊലീസിനെതിരെ ആരോപണം

ഇടുക്കി: കട്ടപ്പനയില്‍ പിക്അപ്പ് വാനുമായി ബൈക്ക് കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ വീണ യാത്രികരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് സഹായിച്ചില്ലെന്ന് ആരോപണം. കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു, ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം പൊലീസ് ആണ് അപകടം കണ്ടിട്ടും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാതിരുന്നതെന്നാണ് ആക്ഷേപം.

ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞ ശേഷം പൊലീസ് ജീപ്പ് മുന്നോട്ടു പോയി. നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങിയെത്തിയ ജീപ്പാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോയത്. രണ്ടു പൊലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്.പൊലീസ് സഹായിക്കാതെ വന്നതോടെ പരിക്കേറ്റവരെ അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം. ടൗണില്‍ നിന്നും തെറ്റായ ദിശയില്‍ എത്തിയ പിക് അപ് വാന്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെ പൊലീസ് ജീപ്പും എത്തി. ആശുപത്രിയില്‍ എത്തിക്കാനായി പരിക്കേറ്റവരെ ജീപ്പിനടുത്തേയ്ക്ക് എടുത്തുകൊണ്ടു വന്നെങ്കിലും കയറ്റാന്‍ പൊലീസുകാര്‍ സമ്മതിച്ചില്ല.

 

Top