മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല: ഡിജിസിഎ

ഡൽഹി: വിമാനയാത്ര നടത്തുന്നവർക്ക് കർശന മാർഗ്ഗനിർദേശവുമായി ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). മാസ്ക് ധരിക്കാതെ വരുന്ന ഒരു യാത്രക്കാരനേയും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന് ഡിജിസിഎ ഇന്ന് പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു. മാസ്ക് ധരിക്കാതെ യാത്ര ചെയ്യാൻ എത്തുന്നവരെ നോ ഫ്ലൈ ലിസ്റ്റിൽപ്പെടുത്തുമെന്നും ഡിജിസിഎ അറിയിക്കുന്നു. ഡൽഹി ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഡിജിസിഎയുടെ നിർദേശം.

ഇതോടെ വിമാനയാത്രകളിലും വിമാനത്താവളങ്ങളിലും മാസ്ക് ധരിക്കേണ്ടത് വീണ്ടും നിർബന്ധമാവും. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും ജീവനക്കാരും മാസ്ക് ധരിച്ചു എന്നുറപ്പാക്കേണ്ട ചുമതല സിഐഎസ്എഫിനാണെന്നും ഡിജിസിഎ അറിയിപ്പിൽ പറയുന്നു. മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുൻപായി വിമാനത്തിൽ നിന്നും ഇറക്കണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മാസ്ക് വീണ്ടും നിർബന്ധമാക്കിയുള്ള തീരുമാനം.

Top