യാത്രക്കാരന്റെ ട്വീറ്റ് രക്ഷകനായത് കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച 25 പെണ്‍കുട്ടികള്‍ക്ക്

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് അടുത്തകാലത്തായി കണ്ടു വരുന്നത്. അതിനെ വിമര്‍ശിക്കുന്നവരും പിന്തുണ നല്‍കുന്നവരും ഏറെയാണ്. പലരും തങ്ങളുടെ സ്വകാര്യ അഭിപ്രായങ്ങള്‍ പറയാനായി മാത്രമാണ് ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കുക. അതില്‍ വളരെ ചുരുക്കം പേര്‍ വേറിട്ടു ചിന്തിക്കുന്നവരും ഉണ്ട്. എന്നാല്‍ ഒരു യാത്രക്കാരന്റെ ട്വീറ്റ് വഴി 25 പെണ്‍കുട്ടികളെ രക്ഷിക്കാനായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഒരു യാത്രക്കാരന്റെ ട്വീറ്റ് മൂലം സുരക്ഷാസേനയ്ക്ക് രക്ഷിക്കാനായത്. ജൂലൈ 5നാണ് സംഭവം. മുസാഫര്‍പൂര്‍ ബാന്ദ്ര അവാദ് എക്‌സ്പ്രസിലെ യാത്രക്കാരനായ ആദര്‍ശ് ശ്രീവാസ്തവയാണ് ട്വീറ്റ് ചെയ്തത്. എസ് 5 ല്‍ കോച്ചിലെ യാത്രക്കാരനാണ് താന്‍. തന്റെ ചുറ്റുമുള്ള 25 ഓളം വരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശ്രദ്ധിച്ചു അവര്‍ ഇരുന്ന് കരയുകയാണ് അവര്‍ സുരക്ഷിതരായി തോന്നുന്നില്ല എന്നായിരുന്നു ട്വീറ്റ്. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, സംസ്ഥാന റെയില്‍വേ ടെലികോം മന്ത്രി മനോജ് സിന്‍ഹ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു അയാളുടെ ട്വീറ്റ്.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാരണാസി, ലക്‌നൗ സര്‍ക്കാര്‍ റെയില്‍വേ പൊലീസ്, റെയില്‍വേ സുരക്ഷാസേന എന്നിവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു. ഗോരഖ്പൂര്‍ റെയില്‍വേ സുരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തിന് സഹകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top