തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് നേരെ ചൂരല്‍ പ്രയോഗം

ksrtc

തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രാത്രി കിടന്നുറങ്ങിയവര്‍ക്ക് നേരെ സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്യേറ്റം.

വയോധികരെയടക്കം നിരവധി പേരെ ചൂരല്‍ കൊണ്ട് പൊതിരെ തല്ലി.

അര്‍ദ്ധരാത്രി 12.30-നായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്‍ വിജയകുമാറിന്റെ ചൂരല്‍ പ്രയോഗം.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുലര്‍ച്ചേ വരുന്ന ബസ്സും കാത്ത് കിടന്ന എല്ലാവരും ചൂരലിന്റെ വേദനയറിഞ്ഞു.

എന്തിനാണ് അടികൊള്ളുന്നതെന്നറിയാതെ ഞെട്ടിയുണര്‍ന്ന ചിലര്‍ ജീവനക്കാരനെ ചോദ്യം ചെയ്തു. അതോടെ സെക്യൂരിറ്റിയുടെ സഹായികളുടെ വകയായി അടുത്ത തല്ല്.

പിന്നീട് തല്ല് കിട്ടിയവരില്‍ ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസ് എത്തി വിജയകുമാറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

മെഡിക്കല്‍ പരിശോധനയില്‍ വിജയകുമാര്‍ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി.

Top