ബംഗളൂരുവിലെത്തുന്ന യാത്രക്കാര്‍ക്ക് ഒരാഴ്ചയ്ക്ക് ശേഷം കോവിഡ് പരിശോധിക്കും

ബംഗളൂരു: ബംഗളൂരുവിലെത്തുന്ന എല്ലാ അന്തര്‍ സംസ്ഥാന യാത്രക്കാരെയും ഒരാഴ്ചക്കു ശേഷം കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഒരാഴ്ചയില്‍ കൂടുതല്‍ നഗരത്തില്‍ തങ്ങുന്നവര്‍ക്കാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരുവിലെത്തുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്. എന്നാല്‍, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൊണ്ട് കാര്യമായ ഫലമില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

അതേസമയം, ഒരാഴ്ചക്കുള്ളില്‍ ബംഗളൂരുവിലെത്തി മടങ്ങുന്നവര്‍ക്കും ബംഗളൂരു ട്രാന്‍സിറ്റ് പോയന്റായി യാത്ര ചെയ്യുന്നവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 22ന് ഈ ഉത്തരവ് പുതുക്കി പഞ്ചാബ്, ചണ്ഡിഗഢ് സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി. മാര്‍ച്ച് 25ന് മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും നിയന്ത്രണം ബാധകമാക്കി ഉത്തരവ് പരിഷ്‌കരിച്ചു.

 

 

Top