മൂന്നടി അകലം; ഇറ്റലിയില്‍ ഇപ്പോള്‍ ഇതാണ് നിയമം; മരണസംഖ്യ 631ല്‍

റ്റലിയില്‍ കൊറോണാവൈറസിനെ തടയുന്നതിന്റെ ഭാഗമായി നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ യാത്ര ചെയ്യാനിറങ്ങുന്നവരും, ഷോപ്പിംഗിന് എത്തുന്നവരും പരസ്പരം അകലം പാലിക്കുന്നു. ഇറ്റലിയിലെ തെരുവുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ് നില്‍ക്കുമ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍തിരക്കാണ്. രാജ്യം കേട്ടുകേള്‍വിയില്ലാത്ത അടച്ചുപൂട്ടലിലേക്ക് നീങ്ങിയതോടെയാണ് ആളുകള്‍ ദീര്‍ഘനാളത്തേക്ക് സാധനങ്ങള്‍ സ്വരൂപിക്കാന്‍ തുടങ്ങിയത്.

പൊതുസ്ഥലങ്ങളില്‍ മൂന്നടി അകലം പാലിക്കണമെന്ന നിബന്ധനയുള്ളതിനാല്‍ കടകള്‍ക്ക് മുന്നിലെ ക്യൂവിന്റെയും നീളം കൂടുന്ന കാഴ്ചയാണുള്ളത്. ഒരേ സമയത്ത് ഷോപ്പില്‍ കടക്കാന്‍ സാധിക്കുന്നവരുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ലൊക്കേഷനുകളായ മിലാനിലെ ഷോപ്പിംഗ് ഗാലറികളും, റോമിലെ സ്പാനിഷ് സ്റ്റെപ്പും, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറും ആളൊഴിഞ്ഞ അവസ്ഥയിലാണ്. തിങ്കളാഴ്ച രാത്രിയാണ് രാജ്യം മുഴുവന്‍ കൊറോണാവൈറസ് പ്രതിരോധ നടപടികള്‍ വ്യാപിപ്പിച്ചത്.

മൂന്നടി അകലം പാലിച്ചാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ ആളുകള്‍ പ്രവേശനം കാത്തുനില്‍ക്കുന്നത്. നേപ്പിള്‍സില്‍ ആളുകളോട് വീടുകളില്‍ തുടരാന്‍ ആവശ്യപ്പെട്ട് പോലീസ് റോന്ത് ചുറ്റുന്നുണ്ട്. പൗരന്‍മാരുടെ ആരോഗ്യം സംരക്ഷിക്കാന്‍ എല്ലാവരും എന്തെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഗസിപ്പെ കോണ്ടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഇറ്റലിയിലെ മരണസംഖ്യ 168ല്‍ നിന്നും 631 ആയി ഉയര്‍ന്നു. 36 ശതമാനം വര്‍ദ്ധനയാണ് മരണനിരക്കിലുള്ളത്. ഇറ്റലിയില്‍ പകര്‍ച്ചവ്യാധി ബാധിച്ചവരുടെ എണ്ണം 10,149 ആയും ഉയര്‍ന്നു.

പനിയുള്ള എല്ലാവരോടും വീടുകളില്‍ തുടരാനാണ് നിര്‍ദ്ദേശം. വിവാഹങ്ങളും, സംസ്‌കാരങ്ങളും, കായിക മത്സരങ്ങളും പൂര്‍ണ്ണമായി വിലക്കിയിട്ടുണ്ട്. വൈറസ് പടര്‍ന്നുപിടിച്ചതോടെ ആര്‍ക്ക് ചികിത്സ ആദ്യം നല്‍കണമെന്ന ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ഡോക്ടര്‍മാര്‍. നോര്‍ത്തേണ്‍ ഇറ്റലിയില്‍ വൈറസ് ആഞ്ഞടിച്ചത് മുതല്‍ ആശുപത്രികള്‍ കനത്ത സമ്മര്‍ദത്തിലാണ്.

Top