പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

ദിനംപ്രതി നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന മേഖല പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് പാസഞ്ചര്‍ വാഹന മേഖലയാണ് കിതച്ചോടുന്നത്.

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വാഹന വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ 5.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2017 സെപ്റ്റംബറില്‍ 3,10,041 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചതെങ്കില്‍ 2018 സെപ്റ്റംബറില്‍ ഇത് 2,92,658 വാഹനങ്ങളായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 2019 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ വരെയുള്ള പാദങ്ങളില്‍ വില്‍പ്പന 3.6 ശതമാനം ഇടിഞ്ഞു.

ഇന്ധനവില ക്രമാതീതമായി ഉയര്‍ന്നതും വാഹന വായ്പയിലെ പലിശ നിരക്കുകളും ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചതാണ് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സാണ് (സിയാം) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം, ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന സെപ്റ്റംബറില്‍ 4.12 ശതമാനം ഉയര്‍ന്ന് 2,126,484 യൂണിറ്റുകളായി മാറി. മുച്ചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്.

Top