രാത്രി 11 മുതല്‍ 6 വരെയുള്ള യാത്രാനിയന്ത്രണം നീക്കി; വീണ്ടും സജീവമായി ദുബായ്

ദുബായ്: ദുബായില്‍ രാത്രി 11 മുതല്‍ രാവിലെ 6 വരെ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണം നീക്കിയതോടെ നഗരത്തില്‍ വീണ്ടും പൊതുജനതിരക്ക്. ഷോപ്പിങ് മാളുകളിലും ഭക്ഷണശാലകളിലും 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60നു മുകളിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കുകളും നീക്കിയിരുന്നു. യാത്രാനിയന്ത്രണം നീക്കിയതോടെ ഇതര എമിറേറ്റുകളില്‍നിന്നുള്ളവര്‍ സംഘമായി എത്തിത്തുടങ്ങി.

കാറില്‍ മൂന്നുപേരുടെ യാത്രയ്ക്കാണ് അനുമതിയെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള യാത്രയ്ക്കു വിലക്ക് ഇല്ല. മെട്രോ സര്‍വീസും പഴയതുപോലെയായി. മാര്‍ച്ച് 26 മുതലുളള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ബീച്ചുകളും ക്ലബുകളും സജീവമായി. വിപണിയും ഉണര്‍ന്നുവെങ്കിലുംസുരക്ഷാ മുന്‍കരുതലിലാണ് ഇപ്പോഴും നഗരം.

ആള്‍ക്കൂട്ടമുള്ളിടത്ത് സാമൂഹിക അകലം ഓര്‍മിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നു.ദുബായ് ഫ്രെയിം, സ്‌കീ ദുബായ്, തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ തിരക്കുണ്ട്. മ്യൂസിയങ്ങളും തിയറ്ററുകളും തുറന്നിട്ടുണ്ട്. ഷാര്‍ജയിലും ഷോപ്പിങ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും ജിമ്മുകളും തുറന്നു.

Top