മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട കണ്ടക്ടർക്ക് ക്രൂര മർദ്ദനം ; യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു

മുംബൈ : മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. ബസ്സിൽ കയറുമ്പോൾ യാത്രക്കാരൻ മാസ്ക് ധരിച്ചിരുന്നില്ല. ഇതേതുടർന്ന് യാത്രക്കാരനോട് കണ്ടക്ടർ മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു യാത്രക്കാരന്റെ വിശദീകരണം.

പിന്നീട് കണ്ടക്ടർ വീണ്ടും മാസ്ക് ധരിക്കണമെന്ന് യാത്രക്കാരനോട് ആവശ്യപ്പെട്ടു . ഇതിൽ പ്രകോപിതനായ യാത്രക്കാരൻ കണ്ടക്ടറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കണ്ടക്ടറായ സൈനാഥ് ഖർപഡെ എന്ന ആൾക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ കണ്ടക്ടർക്ക് സാരമായി പരിക്കേറ്റു.

ഭയന്ദറിൽ നിന്ന് അന്ധേരിയിലെ മരോലിലേക്കുള്ള ബസിലെ കണ്ടക്ടറാണ് സൈനാഥ്‌. ആക്രമണത്തിന് പിന്നാലെ യാത്രക്കാരൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. കണ്ടക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Top