Pashanam Shaji Vs DGP Loknath Behara; The breakdown of the original

പാഷാണം ഷാജി ഡിജിപി വേഷമിട്ട് പൊലീസ് സ്റ്റേഷനില്‍ കയറി വന്നാലുള്ള സ്ഥിതി എന്താകും? ഡിജിപിയാണെന്ന് തെറ്റിദ്ധരിച്ച് സല്യൂട്ടടിക്കുന്ന പൊലീസുകാരെ എന്തായാലും കുറ്റം പറയാന്‍ പറ്റില്ല. ഷാജി മഫ്തിയില്‍ വന്നാലും ഇതൊക്കെ തന്നെയാണ് അവസ്ഥ.

ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായി അധികാരമേറ്റതോടെയാണ് പാഷാണം ഷാജിയുടെ ‘വില’ സഹപ്രവര്‍ത്തകര്‍ക്ക് മനസിലായത്. ബഹുമാന്യ പോലീസ് മേധാവിയുമായുള്ള രൂപ സാമ്യം ഷാജിയെ കുഴക്കി. സാമൂഹിക മാധ്യമങ്ങളില്‍ രണ്ട് പേരെയും ചേര്‍ത്ത് വെച്ച് ട്രോളുകളുടെ പെരുമഴ പെയ്തു. അപ്പോഴെല്ലാം ചിരിക്കണോ കരയണോ എന്നറിയാതെ ഷാജി, മമ്മൂട്ടി നായകനാകുന്ന തോപ്പില്‍ജോപ്പന്റെ സെറ്റിലായിരുന്നു. ഒടുവില്‍ ഒരു ദിവസം മുഴുവന്‍ ഫോണ്‍ ഓഫ് ചെയ്തു. രാവിലെ മമ്മൂട്ടി സെറ്റിലെത്തിയപ്പോള്‍ അങ്കലാപ്പില്‍ നില്‍ക്കുന്ന ഷാജിയെ നോക്കി പറഞ്ഞു: ”താന്‍ ഡി ജി പി യായത് ഞാന്‍ അറിഞ്ഞില്ലല്ലോ… ഇനിയെന്ത് വേണം?” മെഗാസ്റ്റാറിന്റെ ഷേക്ക് ഹാന്‍ഡ്…

ചിത്രഭൂമിയുടെ ഫോട്ടോഷൂട്ടിനുവേണ്ടിയാണ് ഒടുവില്‍ പ്രേഷകര്‍ ആഗ്രഹിച്ച ദൃശ്യം അനാവരണം ചെയ്യപ്പെട്ടത്. പാഷാണം ഷാജി ഡി ജി പി വേഷമണിഞ്ഞു നില്‍ക്കുന്ന കിടിലന്‍ ഫോട്ടോ.

”ഈ ജീവിതത്തില്‍ ഒരു ഫോട്ടോഷൂട്ടിനാണെങ്കില്‍പോലും ഉന്നതപോലീസ് മുദ്രയുള്ള വേഷമണിയാന്‍ കഴിയുക, ഏറെ അഭിമാനം തോന്നുന്ന നിമിഷമാണത്. ജിഷ വധക്കേസില്‍, നമ്മളെല്ലാം കൊതിച്ചതുപോലെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃഗുണം കൊണ്ടാണ്. ബഹുമാന്യ പോലീസ് അധികാരിയുമായുള്ള രൂപ സാമ്യം എന്റെ രൂപത്തിന് കിട്ടിയ പ്രമോഷന്‍പോലെയാണ് ”.ഷാജി പറഞ്ഞു.

യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെയൊരു അവസരം കിട്ടിയാല്‍?

എന്ത് സംശയം? കേരളം മാവേലി നാടായിരിക്കും. അഴിമതിക്കാരെ പിടിച്ച് അഴിക്കുള്ളിലാക്കും. പിടികിട്ടാപ്പുള്ളികളെയെല്ലാം പിടിച്ച് തേങ്ങ എറിയുന്നതുപോലെ അകത്തേക്കെറിയും. പിന്നീട് കുറ്റകൃത്യങ്ങളൊന്നുമില്ലാതെ നമ്മുടെ പണിപോകും എന്ന അവസ്ഥ വരും അതാണ് പേടി. പിന്നെ എന്റെ പാഷാണം വിളിപ്പേര് വിനയാകുമോ എന്നൊരു പേടികൂടി ഉള്ളിലുണ്ട്. കാരണം കള്ളം പറഞ്ഞ് ആള്‍ക്കാരെ വഴിതെറ്റിക്കുന്നതാണെല്ലോ പാഷാണത്തിന്റെ സ്ഥിരം പരിപാടി. ഞാന്‍ സത്യം പറഞ്ഞാല്‍പോലും എന്റെ മുകളിലിരിക്കുന്നവര്‍ വിശ്വസിക്കുമോ ആവോ?

സിനിമയില്‍ പോലീസായി അഭിനയിക്കാന്‍ കഴിഞ്ഞില്ലേ?

മമ്മൂക്ക നായകനായ ‘അച്ഛാദിന്‍’ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി പോലീസ് വേഷമണിഞ്ഞത്. കാക്കി ശരീരത്തില്‍ കയറിപ്പോള്‍ എവിടെ നിന്നോ കരുത്തും ഗൗരവവും വന്നു. പോലീസ് വേഷം ഹിറ്റാക്കിയാല്‍ അത്തരം വേഷങ്ങള്‍ പിന്നെയും പിന്നെയും വരും. പക്ഷേ, എനിക്ക് കിട്ടിയില്ല.

കുട്ടിക്കാലത്ത് ഭാവിയില്‍ ആരാകണമെന്ന് ചോദിച്ചാല്‍ പോലീസ് എന്നായിരുന്നോ മറുപടി?

ഒരിക്കലുമില്ല. പോലീസിന്റെ തൊപ്പിയോ കാക്കിയിട്ട ആരെയെങ്കിലുമോ കണ്ടാല്‍ ഞാന്‍ അടുക്കളപ്പുറത്തേക്ക് ഓടിയൊളിക്കും. അന്നൊക്കെ പോലീസ് വരുന്നെന്ന് പറഞ്ഞാണ് അമ്മ എന്നെ ഭക്ഷണം കഴിപ്പിച്ചത്. ഇന്ന് കേരളത്തിലെ ഒരു ഡസന്‍ എസ് ഐ മാര്‍ എന്റെ കൂട്ടുകാരാണ്

പണ്ട് സാജു പോലീസ് ട്രെയിനിങ്ങില്‍ നിന്ന് ഒളിച്ചോടിപ്പോയ കഥ ചില കൂട്ടുകാരില്‍ നിന്ന് കേട്ടിട്ടുണ്ട് ?

അത് പൂര്‍ണമായും ശരിയല്ല. കോളജ് പഠനം കഴിഞ്ഞ് ജോലിക്കുവേണ്ടി പരക്കം പായുന്ന കാലമാണത്. ഒരു കലാകാരന്‍ ഉള്ളില്‍ കമഴ്ന്ന് കിടന്നുറങ്ങുന്നത് കാരണം പട്ടാളത്തിലോ പോലീസിലോ ചേരാന്‍ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പോലീസ് ടെസ്റ്റിന് അപേക്ഷ കൊടുത്തു. ഫിസിക്കല്‍ ടെസ്റ്റ് ഒന്നാം റൗണ്ടില്‍ പാസ്സായി. ആ ജോലി അവിടന്നുതന്നെ ബോറടിപ്പിച്ചു. ഫിസിക്കല്‍ ടെസ്റ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പേ വെള്ളം കുടിക്കാനാണെന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്ന് മുങ്ങി. അന്ന് സര്‍വീസില്‍ കയറിയിരുന്നെങ്കില്‍ ഞാനൊരു എ എസ് ഐ എങ്കിലും ആയേനേ… മലയാള സിനിമയുടെ ഭാഗ്യം.

പിന്നീട് എപ്പോഴെങ്കിലും പോലീസ് സ്റ്റേഷനില്‍ കയറിയിട്ടുണ്ടോ?

ഒരു പാട് തവണ. അന്യായം നടത്തിയിട്ടല്ല കേട്ടോ. ന്യായം കിട്ടാന്‍ വേണ്ടി മാത്രം. ചില കുട്ടിപ്പോക്കിരികള്‍ വെറുതെ വണ്ടിയില്‍ വന്നിടിക്കും. ഒന്നും രണ്ടും പറയുമ്പോള്‍ അന്യായക്കാരന്‍ ന്യായം പറയും. അത് പിന്നീട് പോലീസ് സ്റ്റേഷന്‍ കയറും. പെറ്റമ്മയെപ്പോലെ നമ്മുടെ നാട്ടിലെ മക്കളെ കാക്കുന്ന പോലീസുകാരോട് എന്നും എനിക്ക് ബഹുമാനമാണ്. ഒരു പൗരനെന്ന നിലയില്‍ അവര്‍ക്കെന്റെ ബിഗ് സല്യൂട്ട്.

പിന്‍പുറം:- കാര്യങ്ങളെന്തായാലും ബെഹ്‌റയുടെ പദവി പാഷാണം ഷാജിക്ക് കൈ നിറയെ അവസരങ്ങള്‍ നല്‍കിയിരിക്കുകയാണിപ്പോള്‍. പല സിനിമകളിലും ഡിജിപിയുടെ റോള്‍ പാഷാണത്തെ തന്നെ തേടിയെത്തുന്നതായാണ് സിനിമാ രംഗത്ത് നിന്ന് ലഭിക്കുന്ന വിവരം.

കടപ്പാട്; മാതൃഭൂമി നഗരം സ്‌പെഷ്യല്‍ ചിത്രഭൂമി

Top