വിദ്വേഷ പ്രസംഗം ‘തിരിച്ചുകടിച്ചു’; പര്‍വേഷിന്റെ മണ്ഡലത്തിലെ 10 സീറ്റും ബിജെപിയെ കൈവിട്ടു

വെസ്റ്റ് ഡല്‍ഹി ലോക്‌സഭാ എംപി പര്‍വേഷ് വര്‍മ്മ നടത്തിയ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ ബിജെപിക്ക് തിരിച്ചടി നല്‍കുന്നു. പര്‍വേഷിന്റെ മണ്ഡലത്തിലെ 10 നിയമസഭാ സീറ്റുകളിലും ബിജെപി തോല്‍വി ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് രണ്ട് തവണയാണ് പര്‍വേഷ് വര്‍മ്മയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.

ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ പീഡനങ്ങളും, കൊലപാതവും നടത്തുമെന്ന് പ്രസ്താവിച്ചതിനായിരുന്നു ആദ്യത്തെ വിലക്ക്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചതിനാണ് ഒരു ദിവസത്തേക്ക് മറ്റൊരു വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെയും ബിജെപി എംപി ആരോപണം അഴിച്ചുവിട്ടു.

ഡല്‍ഹിയിലെ ഒരു ഉദ്യോഗസ്ഥന്റെ അറസ്റ്റിന് ഇടയാക്കിയ അഴിമതി കേസില്‍ സിസോദിയയ്ക്ക് പങ്കുണ്ടെന്നായിരുന്നു പര്‍വേഷ് വര്‍മ്മ ആരോപിച്ചത്. മാനനഷ്ടത്തിന് നോട്ടീസ് അയച്ചാണ് സിസോദിയ ഇതിന് പ്രതികരണം നടത്തിയത്. എന്നാല്‍ എഎപിക്ക് എതിരെ എംപി നടത്തിയ ആരോപണങ്ങളും, കടന്നാക്രമണങ്ങളും യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് തിരിച്ചടി നല്‍കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.

പര്‍വേഷ് വര്‍മ്മയുടെ വെസ്റ്റ് ഡല്‍ഹിയിലെ 10 സീറ്റുകളിലും ബിജെപിക്ക് നഷ്ടമാണ് സംഭവിച്ചത്. പാര്‍ട്ടിയിലെ പ്രമുഖരെ തന്നെ ഇവയില്‍ മത്സരിപ്പിച്ചിട്ടും ബിജെപിക്ക് നേട്ടം ഉണ്ടാക്കാനായില്ല. വിദ്വേഷ പ്രസംഗങ്ങളുടെ ബലത്തില്‍ വോട്ടുകളുടെ ഏകീകരണം സംഭവിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷയാണ് അസ്ഥാനത്തായത്. ഡല്‍ഹി വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുവാനും, ഇതിനെ പ്രചരണ ആയുധമാക്കാനുമാണ് ആം ആദ്മി ശ്രമിച്ചത്, ഇത് വിജയം കാണുകയും ചെയ്തു.

Top