പാര്‍വതി വിമര്‍ശനത്തിന് അതീതയല്ല . . തോമസ് ഐസക് ആളാവാനും ശ്രമിക്കേണ്ട

ടി പാര്‍വതി, മമ്മൂട്ടി കസബയില്‍ ജീവന്‍ പകര്‍ന്ന കഥാപാത്രത്തിനെതിരെ രംഗത്ത് വന്നതില്‍ ഉയര്‍ന്നിരുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്ന മന്ത്രി തോമസ് ഐസക്കിന്റെ നടപടി ഒരു മന്ത്രിക്ക് ചേര്‍ന്നതല്ല.

നിങ്ങള്‍ അവള്‍ക്കൊപ്പം നിന്നോളൂ, പക്ഷേ അവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമായിരുന്നു.

വ്യക്തി ജീവിതത്തില്‍ പോലും എത്രയോ പാവങ്ങളെ സഹായിക്കുന്ന താരമാണ് മമ്മൂട്ടി.

ദേശീയ പുരസ്‌കാരം നിരവധി തവണ വാങ്ങിയ . . ലക്ഷക്കണക്കിന് ആരാധക പിന്തുണയുള്ള . . ഇങ്ങനെയൊരു താരത്തിനെതിരായ വിമര്‍ശനത്തിനെതിരെ പ്രതികരണങ്ങളും സ്വാഭാവികമാണ്.

പാര്‍വതിക്ക് പരസ്യമായി വിമര്‍ശിക്കാമെങ്കില്‍ എന്താ പാര്‍വതിയെ വിമര്‍ശിച്ചുകൂടേ ?

പാര്‍വതി എന്താ വിമര്‍ശനത്തിന് അതീതയാണോ ?

ഒരാള്‍ ഏത് വസ്ത്രം ധരിക്കണം എന്ത് കഴിക്കണം എന്നതുപോലെ തന്നെ അഭിപ്രായപ്രകടനം നടത്തുന്നതും ഓരോരുത്തരുടെയും അവകാശമാണ്.

പാര്‍വതി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആ ‘കടമ’ നിര്‍വ്വഹിച്ചപ്പോള്‍ അത് കേട്ട മമ്മൂട്ടിയെ സ്‌നേഹിക്കുന്നവരും അവരുടെ അവകാശം ഉപയോഗിച്ചുവെന്ന് മാത്രം കരുതിയാല്‍ മതി.

വിമര്‍ശനം പാര്‍വതിക്കോ അവരുടെ ശിങ്കിടികള്‍ക്കോ പൊള്ളിയെങ്കില്‍ അത് അവര്‍ വിളിച്ചു വരുത്തിയ പ്രതികരണം മാത്രമാണ്.

കസബ എന്ന സിനിമയില്‍ മമ്മുട്ടി അഭിനയിച്ച കഥാപാത്രം സ്ത്രീവിരുദ്ധ കഥാപാത്രമാണെന്ന് ഒരു നടിയായ പാര്‍വതി പറഞ്ഞത് തികച്ചും അനൗചിത്യം തന്നെയാണ്.

വ്യഭിചാരികളുടെ റോളില്‍ എത്രയോ മഹാനടികള്‍ ഇവിടെ അഭിനയിച്ചിട്ടുണ്ട്. അവരെല്ലാം ഏത് സ്ത്രീ വിഭാഗത്തിന്റെ താല്‍പ്പര്യം ‘മഹത്വവല്‍ക്കരിക്കാനാണ്’ അഭിനയിച്ചത് ? ഇങ്ങനെ അഭിനയിച്ചവരെ ആരെയെങ്കിലും സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച് ആരെങ്കിലും രംഗത്ത് വന്നിട്ടുണ്ടോ ?

നടി പാര്‍വതി തന്നെ അഭിനയിച്ച പല സിനിമകളിലും ഒരു സ്ത്രീക്കും അംഗീകരിക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴും ആരെങ്കിലും വിമര്‍ശിക്കാന്‍ രംഗത്ത് വന്നിരുന്നുവോ ?

സിനിമയെ സിനിമയായി കാണാന്‍ ഈ ‘മഹാനടിക്ക്’ പോലും പറ്റിയില്ലെങ്കില്‍ പിന്നെ മറ്റുള്ളവരുടെ കാര്യം പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ ?

ഒന്നോ രണ്ടോ അവാര്‍ഡ് ലഭിച്ചപ്പോഴേക്കും അഹങ്കാരം തലക്ക് പിടിച്ച് വല്ലതുമൊക്കെ വിളിച്ചു പറയുമ്പോള്‍ പ്രതികരണങ്ങളും സ്വാഭാവികമായുണ്ടാകുമെന്ന് ഓര്‍ക്കണമായിരുന്നു.

ഒരു സ്ത്രീയും അപമാനിക്കപ്പെടരുത് എന്നത് പോലെ തന്നെ ഒരു പുരുഷനും അപമാനിക്കപ്പെട്ടു കൂടാ. അത് സിനിമാനടനായാലും സാധാരണക്കാരനായാലും.

കസബയിലെ മമ്മുട്ടിയുടെ കഥാപാത്രത്തെ പാര്‍വതി വിമര്‍ശിച്ചതിന് ശേഷം ചില കേന്ദ്രങ്ങള്‍ മമ്മുട്ടിയെ സ്ത്രീ വിരുദ്ധ നിലപാടുള്ളയാളായി സോഷ്യല്‍ മീഡിയകളില്‍ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്.

പാര്‍വതിക്ക് വേണ്ടി വിലപിക്കുന്ന തോമസ് ഐസക്ക് ഇതിനും മറുപടി പറയണം.

മന്ത്രി പറയുന്നത് പോലെ വിമര്‍ശനങ്ങളെ നേരിടുന്നതിന്റെ ‘മാനദണ്ഡം’ സ്വന്തം കുടുംബത്തേ നടക്കൂ.

സോഷ്യല്‍ മീഡിയകളില്‍ പ്രതികരണവുമായി രംഗത്ത് വരുന്ന സാധാരണക്കാരന്‍ അവന്റെ പച്ചയായ അഭിപ്രായപ്രകടനമാണ് നടത്തുക. അത് പാര്‍വതി ചെയ്തത് പോലെ ആലോചിച്ച് തീരുമാനിച്ചുറച്ച് പറയുന്നതൊന്നുമല്ലല്ലോ ?

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്ന തോമസ് ഐസക്കിന്റെ വാദവും സാമാന്യയുക്തിക്ക് നിരക്കാത്തതാണ്.

ഏതെങ്കിലും ചില സ്ത്രീകള്‍ ചേര്‍ന്ന് ഒരു സംഘടന തട്ടിക്കൂട്ടിയാല്‍ ആ സംഘടനയാണ് കേരളത്തിലെ സ്ത്രീകളുടെ മൊത്തം അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നിലകൊള്ളുന്നതെന്ന് ഐസക്ക് മാത്രം അങ്ങ് വിശ്വസിച്ചാല്‍ മതി. അത് മറ്റുള്ളവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ വരരുത്.

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളെ പോലും സ്വന്തം സംഘടനയില്‍ ചേര്‍ക്കാന്‍ പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നുകൂടി ഈ ഘട്ടത്തില്‍ മന്ത്രി ഓര്‍ക്കണം.

ഇക്കാര്യം പറയാന്‍ കാരണം താങ്കള്‍ പാര്‍വതിയുടേയോ ഏതെങ്കിലും വനിതാ സംഘടനയുടേയോ മന്ത്രിയല്ല കേരളത്തിന്റെയാകെ മന്ത്രിയായതുകൊണ്ടാണ്.

അഭിപ്രായപ്രകടനം നടത്തേണ്ടതും ആ ബോധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.

Team Express Kerala

Top