ഒരു പോരാട്ടത്തിന്റെ കഥയാണ് വര്‍ത്തമാനം; വിശേഷങ്ങളുമായി പാര്‍വതി

തിരുവനന്തപുരം: പാര്‍വ്വതി തിരുവോത്ത് തന്റെ പുതിയ സിനിമ വിശേഷങ്ങളുമായി ഒരു ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. മാര്‍ച്ച് 12ന് തീയറ്ററില്‍ എത്തുന്ന ‘വര്‍ത്തമാനം’ എന്ന സിനിമയുടെ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. ഒരു പോരാട്ടത്തിന്റെ കഥയാണ് വര്‍ത്തമാനമെന്ന് പാര്‍വ്വതി പറഞ്ഞു.

‘ഒരുപാട് തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നമ്മള്‍ എല്ലാവരും ജീവിച്ചുക്കൊണ്ടിരിക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വര്‍ത്തമാനം’, പാര്‍വ്വതി പറയുന്നു. സിദ്ധാര്‍ത്ഥ് ശിവയോടൊപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതും തന്റെ വലിയ സന്തോഷമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ദില്ലിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്കു യാത്ര തിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം.

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമയിലും നായിക പാര്‍വതിയാണ്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ത്തമാനം. വര്‍ത്തമാനത്തിലെ ‘അനുരാഗം നിലക്കാത്ത’ എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനം പുറത്തുവിട്ടു.

 

Top