അമ്പലത്തില്‍ പോകാന്‍ തോന്നിയാല്‍ പോകും; ശബരിമല വിഷയത്തില്‍ പാര്‍വ്വതി

parvathy

ബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ പിന്തുണച്ച് നടി പാര്‍വ്വതി തിരുവോത്ത്. ജനിച്ച നാള്‍ തൊട്ട് പറഞ്ഞുകേള്‍ക്കുന്നതാണ് ഋതുമതിയായ സ്ത്രീ അശുദ്ധയാണെന്ന്, എന്നാല്‍ താന്‍ ആ വാദത്തിന് എതിരാണ്. തനിക്ക് അമ്പലത്തില്‍ പോകാന്‍ തോന്നിയാല്‍ പോകുമെന്ന് പാര്‍വ്വതി പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് അമ്പലങ്ങളില്‍ പോകാന്‍ തോന്നുമ്പോള്‍ പോകാറാണ് പതിവ്. ആ സമയത്ത് ആര്‍ത്തവം ഉണ്ടോ ഇല്ലയോ എന്നത് തന്റെ മാത്രം കാര്യമാണ്, എന്തിനാണ് അത് മറ്റുള്ളവരെ അറിയിക്കേണ്ടത് എന്നും പാര്‍വ്വതി ചോദിക്കുന്നു.

‘ഇതിന്റെ പേരില്‍ ഞാന്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വരും എന്നെനിക്കറിയാം. എങ്കിലും തീര്‍ച്ചയായും ഞാന്‍ സുപ്രീംകോടതി വിധിക്കൊപ്പമാണ്. മതത്തെയും മതത്തിനുള്ളിലെ പുരുഷാധിപത്യത്തെയും കുറിച്ച് ഈ സ്ത്രീകളോട് സംസാരിക്കുന്നതിന് മുമ്പ് മറ്റൊരുപാട് പാളികള്‍ അഴിക്കേണ്ടതുണ്ട്. അതിപ്പോള്‍ സിനിമാ മേഖലയിലായാലും പുരുഷനോട് പോരാടുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് സ്ത്രീകളോട് പോരാടുന്നത്. ചൂഷണങ്ങളിലൂടെ കടന്നു പോയിട്ടും, ‘എന്തിനാണ് വെറുതേ പ്രശ്നമുണ്ടാക്കുന്നത്? നമുക്കെല്ലാം പറഞ്ഞ് പരിഹരിച്ച് ഒന്നിച്ചു പോകാം,’ എന്നു പറയുന്ന മുതിര്‍ന്ന നടിമാര്‍ അവിടെയുണ്ട്. ഇത്രയും കഷ്ടതകള്‍ അനുഭവിച്ച, കാലങ്ങളുടെ അനുഭവ സമ്പത്തുള്ള ഒരു നടിയില്‍ നിന്നുമാണ് ഇത് കേള്‍ക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല,’ പാര്‍വ്വതി പറഞ്ഞു.

പ്രശ്നങ്ങളൊന്നും ഇല്ലാതെ, എല്ലാത്തിനോടും സന്ധി ചേര്‍ന്നു പോകാമെന്നൊരു മനോഭാവത്തില്‍ നിന്നുമാണ് ഇത്തരം ചിന്താഗതികള്‍ വരുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അശുദ്ധരാണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് അതുകൊണ്ട് അവര്‍ക്കും ഇഷ്ടം. സ്ത്രീയെന്നാല്‍ ഒരു ശരീരമാണെന്നും, നിങ്ങളുടെ ശുദ്ധി നിങ്ങളുടെ ലൈംഗികാവയവങ്ങളിലാണെന്നുമാണ് സ്ത്രീകളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നതെന്നും പാര്‍വ്വതി വ്യക്തമാക്കി.

Top