പറയുന്നത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല, വീട്ടുകാര്‍ ഭയപ്പാടില്‍; പാര്‍വതി

parvathy

തിരുവനന്തപുരം : തന്നെ ഓര്‍ത്ത് വീട്ടുകാര്‍ ഭയത്തിലാണെന്ന് നടി പാര്‍വതി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡബ്യൂ.സി.സിക്കൊപ്പം മുന്‍ നിര പോരാളിയായ പാര്‍വതി ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മൈ സ്റ്റോറി’ക്കെതിരായ ദുഷ്പ്രചരണം ചെറുക്കാന്‍ സഹായിച്ചില്ലെന്ന സംവിധായിക റോഷ്‌നി ദിനകറിന്റെ ആരോപണത്തോട് പ്രതികരിക്കുന്നില്ലന്നും പാര്‍വതി പറഞ്ഞു.

എന്നെ ഇഷ്ടപ്പെടുന്ന ഞാന്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്ന ഒരുപാട് പേരുണ്ട്. എത്രയോ പുരുഷന്മാര്‍ മുന്നോട്ടു വരികയും തുറന്നു സംസാരിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പല സ്ത്രീകളും എനിക്കൊപ്പം നില്‍ക്കില്ലെന്നും പറയുന്നുണ്ട്. ഞാന്‍ ആരോടും മാറാനോ എന്നോട് യോജിക്കാനോ പറയുന്നില്ല. കേള്‍ക്കാന്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂവെന്നും പാര്‍വതി പറഞ്ഞു.

താന്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല, വരും തലമുറയ്ക്ക് കൂടി വേണ്ടതാണ്. സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ പലര്‍ക്കും കഴിയാറില്ല. അത് അവര്‍ക്ക് പറയാനുള്ള വേദിയോ സാഹചര്യമോ ലഭിക്കാത്തതുകൊണ്ടാകും.

മൈ സ്‌റ്റോറിക്കെതിരെയുള്ള ദുഷ്പ്രചരണങ്ങളുടെ ഭാഗമായി തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവരാരും സഹായിച്ചില്ലെന്ന് സംവിധായിക റോഷ്‌നി ദിനകര്‍ പറഞ്ഞിരുന്നു. ഈ ആരോപണത്തോട് താന്‍ പ്രതികരിക്കാനില്ലെന്നും അവരോട് താന്‍ സംസാരിച്ചിരുന്നുവെന്നും പാര്‍വതി വ്യക്തമാക്കി. ‘എന്നും ഞങ്ങള്‍ അവരോടൊപ്പം തന്നെയുണ്ട്. മൈ സ്റ്റോറി ഞങ്ങളുടെ കൂടെ സിനിമയാണ്’ പാര്‍വതി പറഞ്ഞു.

എന്റെ സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്, പ്രേക്ഷകരുമായുള്ള ബന്ധത്തെ വിലപ്പെട്ടതായി തന്നെയാണ് കാണുന്നത്, നിരൂപണങ്ങള്‍ എല്ലാം തന്നെ ഒരു അഭിനേതാവെന്ന നിലയിലുള്ള പഠനത്തിന് നമ്മെ സഹായിക്കും. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയ്ല്‍ അല്ല. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തിനു ശേഷമാണ് തനിക്ക് സിനിമയില്‍ ഒരു സ്ഥാനം കിട്ടിയതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Top