‘ഞങ്ങള്‍ക്ക് ചെലവഴിക്കാന്‍ പണമില്ല’;കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ ബിജെപി മരവിപ്പിച്ചെന്ന് ഖാര്‍ഗെ

ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ട് ക്ഷാമം നേരിടുന്നതായി പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ. ആളുകള്‍ സംഭവാന നല്‍കിയ പണം സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഡിഎ സര്‍ക്കാര്‍ മരവിപ്പിച്ചതായി അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിക്ക് വന്‍ തുക പിഴയായി ആദായനികുതി വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാന്‍ ജനങ്ങള്‍ ഒരുമിച്ച് ശക്തമായി നില്‍ക്കണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കണമെന്നും ഖാര്‍ഗെ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കണമെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ആദായനികുതിയിലൂടെ പാര്‍ട്ടിക്ക് വന്‍ തുക പിഴ ചുമത്തുകയും ചെയ്തുവെന്നും ഖാര്‍ഗെ ആരോപിച്ചു. തിരഞ്ഞെടുപ്പിലൂടെ ലഭിച്ച ആയിരക്കണക്കിന് കോടി രൂപ ബിജെപി വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും ഖാര്‍ഗെ ആരോപിച്ചു.

‘നിങ്ങള്‍ (ജനങ്ങള്‍) സംഭാവനയായി നല്‍കിയത് ഞങ്ങളുടെ പാര്‍ട്ടി പണമായിരുന്നു. ബിജെപി അത് മരവിപ്പിച്ചു, ഞങ്ങള്‍ക്ക് ചെലവഴിക്കാന്‍ പണമില്ല. അതേസമയം ബിജെപി തങ്ങള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ച് വെളിപ്പെടുത്തുന്നില്ല. കാരണം അവരുടെ മോഷണം പുറത്തുവരും. തെറ്റായ പ്രവൃത്തികള്‍ പുറത്തുവരും, അതിനാല്‍ അവര്‍ ജൂലൈ വരെ സമയം ചോദിച്ചിട്ടുണ്ട്’ ഖാര്‍ഗെ പറഞ്ഞു.

മോദി ഗുജറാത്തിലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം പേരിട്ടെന്നും ഖാര്‍ഗെ ആരോപിച്ചു. ‘നിങ്ങള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, മരിച്ചുപോയ ആരുടെയെങ്കിലും പേരാണ് ഇടേണ്ടത്. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്മാരകങ്ങള്‍ സ്ഥാപിക്കില്ല. അങ്ങനെയുള്ള പേരിടീല്‍, അത് പിന്നീട് ആ വ്യക്തിയുടെ അനുയായികളാല്‍ ചെയ്യേണ്ടതാണ്’ എന്നും ഖാര്‍ഗെ പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ട കലബുറഗിയിലെ ജനങ്ങള്‍ തങ്ങളുടെ തെറ്റ് തിരുത്താനും വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ഖാര്‍ഗെ അവകാശപ്പെട്ടു.

Top