അടുത്ത തവണ പാര്‍ട്ടിയെ നയിക്കാന്‍ താനില്ല; നിലപാട് വ്യക്തമാക്കി തെരേസാ മേയ്

ബ്രസല്‍സ്: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ താന്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. അടുത്ത തവണ മറ്റൊരു നേതാവായിരിക്കും പാര്‍ട്ടിയെ നയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസല്‍സില്‍ എത്തിയപ്പോഴായിരുന്നു തെരേസാ മേയുടെ പ്രതികരണം.

2022ലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് എത്തുക. പാര്‍ലമന്റെില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കൊണ്ടു വന്ന അവിശ്വാസപ്രമേയം മറികടന്നെങ്കിലും മേയ്ക്ക് ഭീഷണി ഒഴിഞ്ഞിട്ടില്ല. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മതിയായ സമയമില്ല എന്നതാണ് മേയ് നേരിടുന്ന വെല്ലുവിളി.

നവംബറില്‍ അംഗീകരിച്ച കരാറില്‍ വീണ്ടും ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് ഇ.യു നേതാക്കള്‍ വ്യക്തമാക്കിയതോടെ മുന്നോട്ടുള്ള ചുവടുകള്‍ മേയ്ക്ക് കടുത്തതാകും. ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കുന്നതിന് പാര്‍ലമന്റെിന്റെ അനുമതി തേടിയുള്ള വോട്ടെടുപ്പ് ജനുവരിയിലേക്ക് മാറ്റിയിരുന്നു. 117നെതിരെ 200 വോട്ടുകള്‍ക്കാണ് സഭയില്‍ മേയ് അവിശ്വാസ പ്രമേയം പരാജയപ്പെടുത്തിയത്

Top