ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണം

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണം. ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമം നടത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെതിരെ അന്വേഷണം നടത്തുന്നത്. സിപിഐഎം ജില്ല സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.

മണ്ഡലത്തിലെ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ വിഭാഗീയതയ്ക്ക് ശ്രമിച്ചു, എ രാജയെ വെട്ടി സ്ഥാനാര്‍ത്ഥി ആകാന്‍ കുപ്രചാരണങ്ങള്‍ നടത്തി, എന്നീ ആരോപണങ്ങളാണ് എസ് രാജേന്ദ്രനെതിരെ ഉയര്‍ന്നിരിക്കുന്നത്. 2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ദേവികുളം എംഎല്‍എ ആയ എസ് രാജേന്ദ്രന്‍ ഇക്കുറിയും സ്ഥാനാര്‍ത്ഥിത്വം പ്രതിക്ഷിച്ചരുന്നു.

സ്ഥാനാര്‍തിത്വം നഷ്ടമായത്തോടെ എസ് രാജേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ എല്ലാം കണക്കിലെടുത്താണ് പാര്‍ട്ടി അന്വേഷണം. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ കാലുവാരല്‍ ഭീഷണി ഉണ്ടായതിനാല്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ നേരിട്ടാണ് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ശക്തമായ പ്രചാരണത്തിലൂടെ 2016 നേക്കാള്‍ 2000 വോട്ടിന്റെ അധിക ഭൂരിപക്ഷമാണ് പുതുമുഖമായ എ രാജയ്ക്ക് ലഭിച്ചത്. പാര്‍ട്ടിക്ക് മുകളിലല്ല വ്യക്തികള്‍ എന്ന സന്ദേശവും സിപിഐഎം രാജേന്ദ്രന് നല്‍കി. എന്നാല്‍ മറയൂരില്‍ എ രാജ 700 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. കാന്തലൂര്‍ ,വട്ടവട , മൂന്നാര്‍ പഞ്ചായത്തുകളിലും പ്രതീക്ഷ ഭൂരിപക്ഷം ലഭിച്ചില്ല .ഇത്തരം തമിഴ് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ എസ് രാജേന്ദ്രന്‍ വിമത പ്രവര്‍ത്തനം നടത്തിയിരുന്നോ എന്ന് അന്വേഷണ കമ്മിഷന്‍ പരിശോധിക്കും . ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി വി വര്‍ഗീസ്, പി എന്‍ മോഹനന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. ഏരിയ കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ് രാജേന്ദ്രന്‍ , എ രാജാ , ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എന്നിവരുടെ പക്കല്‍ നിന്നും അന്വേഷണ കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിക്കും.

 

Top