പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു; വിമര്‍ശനവുമായി ഡിഎംകെ

ചെന്നൈ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരണവുമായി തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ. തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയത് അലസ സമീപനമായിരുന്നുവെന്ന വിമര്‍ശനവും ഡിഎംകെ മുന്നോട്ടുവെച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മൗനം വെടിഞ്ഞുകൊണ്ട് ഡിഎംകെയും രംഗത്തെത്തിയത്. മുഖ്യപത്രമായ മുരസൊലിയിലൂടെയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

അധികാരത്തില്‍ നിന്നും ബിജെപിയെ പുറത്താക്കണമെങ്കില്‍ പ്രതിപക്ഷ ഐക്യം ആവശ്യമാണ്. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പാര്‍ട്ടിക്ക് ആശ്ചര്യമോ ഞെട്ടലോ പ്രകടിപ്പിക്കാനില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. ബിജെപിക്ക് ഉണ്ടായത് വലിയ വിജയമാണെന്ന് പറയാനാവില്ല. അധികാരത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ അവര്‍ ഭരണം നിലനിര്‍ത്തി. പഞ്ചാബില്‍, ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രം ലഭിച്ചത്. പഞ്ചാബിലെ ജനങ്ങളുടെ മുമ്പില്‍ ബിജെപിയുടെ ശ്രമങ്ങളൊന്നും വിലപ്പോയില്ലെന്നു വേണം മനസിലാക്കാനെന്നും ഡിഎംകെ മുഖപ്രസംഗത്തില്‍ അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറച്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വെറും രണ്ട് ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതം 10 ശതമാനം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ബിഎസ്പിയും എസ്പിയും കൈകോര്‍ത്തിരുന്നെങ്കില്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ സാധിക്കില്ലായിരുന്നുവെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു. അതേസമയം, ബിജെപിയുടെ വിജയത്തിന് പിന്നില്‍ മത വര്‍ഗീയതയും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവുമാണ് കാരണമെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.

Top