ഇതൊന്നും കുതിരക്കച്ചവടം അല്ലേ? മഹാരാഷ്ട്ര ത്രികക്ഷി സഖ്യത്തിനെതിരെ അമിത് ഷാ

നേര്‍വിപരീത ദിശയിലുള്ള ആശയങ്ങളുണ്ടായിട്ടും രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരം പിടിക്കാന്‍ വേണ്ടി മാത്രം കൈകോര്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ ജനങ്ങള്‍ നടത്തിയ വിധിയെഴുത്തിന് എതിരായാണ് പുതിയ ത്രികക്ഷി സഖ്യമെന്നും അമിത് ഷാ ആരോപിച്ചു. ബിജെപിയെ ഒഴിവാക്കി ശിവസേന എതിരാളികളായ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കൊപ്പം കൂട്ടുകൂടിയതാണ് ഷായെ ചൊടിപ്പിച്ചത്.

മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാരിനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ബിജെപി, ശിവസേന തെരഞ്ഞെടുപ്പ് സഖ്യം ഇതിനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കുകയും ചെയ്തു. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വേണ്ടി മാത്രം സദാചാരവും, മാന്യതയും മറന്നാണ് ഇവര്‍ കൈകോര്‍ത്തത്. ‘മുഖ്യമന്ത്രി കസേര ഓഫര്‍ ചെയ്ത് പിന്തുണ നേടുന്നത് കുതിരക്കച്ചവടത്തില്‍ പെടില്ലേ? സോണിയാ ഗാന്ധിയും, ശരത് പവാറും മുഖ്യമന്ത്രി കസേര ചോദിച്ച് ശിവസേനയുടെ പിന്തുണ നേടുകയാണ് വേണ്ടിയിരുന്നത്’, ഷാ പറഞ്ഞു.

ബിജെപിയെ കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിക്കുന്നവരാണ് ഇപ്പോള്‍ സേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിന് തുടക്കമിട്ടത്. ശിവസേനയ്ക്ക് മുഖ്യമന്ത്രി കസേര നല്‍കാമെന്ന് ഞങ്ങള്‍ യാതൊരുവിധത്തിലുള്ള ഉറപ്പും നല്‍കിയിരുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ആദിത്യ, ഉദ്ധവ് താക്കറെ വേദിയില്‍ ഇരിക്കുമ്പോള്‍ പോലും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കിയതാണ്. ആ സമയത്ത് ഇവര്‍ എതിര്‍ക്കാതിരുന്നത് എന്താണ്?’, ഷാ ചോദിച്ചു.

ശിവസേന എംഎല്‍എമാര്‍ വിജയിച്ചത് തങ്ങള്‍ക്കൊപ്പം മത്സരിച്ചപ്പോഴാണെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. നരേന്ദ്ര മോദിയുടെ കട്ടൗട്ട് ഉപയോഗിക്കാത്ത ഒരു സേന എംഎല്‍എ പോലുമില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാം, ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു.

Top