ജനവിധിയറിയാന്‍ മൂന്ന് നാള്‍; എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പതറാതെ ആത്മവിശ്വാസവുമായി പാര്‍ട്ടികള്‍

ഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നെങ്കിലും ആത്മവിശ്വാസം കൈവിടാതെ പാര്‍ട്ടികള്‍. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു. ജനവിധിയറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കേയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തായത്.

രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്തും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഗെഹ്ലോട്ട് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ അടക്കം ഗുണം ചെയ്യുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. ഛത്തീസ്ഗഡില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്ന് ബിജെപി അവകാശപ്പെടുന്നു. അതേസമയം മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 68 മുതല്‍ 90 സീറ്റു വരെ കിട്ടാം.

കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന മധ്യപ്രദേശില്‍ 130 ല്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതായി ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. മധ്യപ്രദേശിലെ വിജയം അപ്രതീക്ഷിതവും അഭൂതപൂര്‍വവുമാകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുമ്പോഴും 70 ല്‍ അധികം സീറ്റുകള്‍ ലഭിക്കും എന്നാണ് ബിആര്‍എസ് നിലപാട്. സര്‍വേകളില്‍ ആര്‍ക്കും ഭൂരിപക്ഷം പ്രവചിക്കാത്ത മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എടുക്കുന്ന നിലപാടാകും നിര്‍ണായകമാവുക.

Top