ലോക്ക്ഡൗണില്‍ നിര്‍ത്തി വച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗീകമായി പുനാരംഭിക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നുമുതല്‍ ഭാഗികമായി പുനരാരംഭിക്കും. ജില്ലകള്‍ക്കുള്ളില്‍ ഹ്രസ്വദൂര സര്‍വീസുകളാകും നിവലില്‍ ഉണ്ടാകുക. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നിബന്ധനകള്‍ക്ക് വിധേയമായി രാവിലെ 7 മുതല്‍ രാത്രി 7 വരെ ആയിരിക്കും സര്‍വീസ്. ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് പൊതുഗതാഗതം ഉണ്ടാകില്ല. ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ ഉണ്ടാകൂ. മൊത്തം 1850 സര്‍വീസ് ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്താണ് കൂടുതല്‍ സര്‍വീസ്, 499 സര്‍വീസുകളാണ് ജില്ലയില്‍ നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യവും അനുസരിച്ച് മാത്രമേ സര്‍വീസ് നടത്തുകയുള്ളു. സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ യാത്ര അനുവദിക്കൂ. ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുന്‍വാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു.

തിരുവനന്തപുരം ജില്ലയില്‍ 499 സര്‍വീസുകള്‍, കൊല്ലം ജില്ലയില്‍ 208, പത്തനംതിട്ട ജില്ലയില്‍ 93, ആലപ്പുഴ ജില്ലയില്‍ 122, കോട്ടയം ജില്ലയില്‍ 102, ഇടുക്കി ജില്ലയില്‍ 66, എറണാകുളം ജില്ലയില്‍ 206, തൃശൂര്‍ ജില്ലയില്‍ 92, പാലക്കാട് ജില്ലയില്‍ 65, മലപ്പുറം ജില്ലയില്‍ 49, കോഴിക്കോട് ജില്ലയില്‍ 83, വയനാട് ജില്ലയില്‍ 97, കണ്ണൂര്‍ ജില്ലയില്‍ 100, കാസര്‍കോട് ജില്ലയില്‍ 68 സര്‍വീസുകള്‍. എന്നിങ്ങനെയാണ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്.

എല്ലാ പ്രധാനപ്പെട്ട റൂട്ടുകളിലും സര്‍വീസ് ഉണ്ടാകും. സര്‍ക്കാര്‍ യാത്ര നിരോധിച്ച വിഭാഗങ്ങളെ ബസ്സില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. രാവിലെയും വൈകിട്ടും ഉദ്യോഗസ്ഥര്‍ക്കായിരിക്കും യാത്രയ്ക്കു മുന്‍ഗണന. ഡ്യൂട്ടി കണ്ടക്ടര്‍ അനുവദിക്കുന്ന യാത്രക്കാര്‍ മാത്രമേ ബസ്സില്‍ പ്രവേശിക്കാവൂ തുടങ്ങിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് സര്‍ക്കാര്‍.

Top