ബിന്ദുകൃഷ്ണയെ ഉന്നം വെച്ചു; കൊണ്ടത് പ്രതിഭയ്ക്ക് തന്നെ

കോഴിക്കാട്: കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ഫോസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് കായകുളം എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി. ബിന്ദു കൃഷ്ണയ്ക്ക് മകനെ കേന്ദ്രീയ വിദ്യാലയത്തില്‍ അയക്കുന്നതിന് പകരം സര്‍ക്കാര്‍ വിദ്യാലയത്തില്‍ അയച്ചൂടെ എന്ന് ഉപദേശിച്ച് പ്രതിഭ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. കേന്ദ്രീയ വിദ്യാലയം സര്‍ക്കാര്‍ വിദ്യാലയമാണെന്നുള്ള അറിവ് പോലും എംഎല്‍എക്ക് ഇല്ലേ എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരിഹാസം.

മകന്‍ ശ്രീകൃഷ്ണ കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ അച്ഛന്‍ കൃഷ്ണകുമാറിനൊപ്പം നില്‍ക്കുന്ന ചിത്രം ബിന്ദുകൃഷ്ണ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പങ്കുവെച്ചായിരുന്നു പ്രതിഭയുടെ വിമര്‍ശനം.

സംഭവം വിവാദമായതിന് പിന്നാലെ ബിന്ദു കൃഷ്ണയും പ്രതിഭയ്ക്കെതിരെ രംഗത്തെത്തി.മാസം 200 രൂപ മാത്രം അദ്ധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് ഞങ്ങളുടെ മകന്‍ പഠിക്കുന്നത് കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോള്‍ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എ കരുതിക്കാണും.എന്നും ബിന്ദുകൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു എംഎല്‍എ ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നു. അസത്യം പ്രചരിപ്പിച്ച് ലൈക്ക് വാങ്ങാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. ഒന്നുമില്ലെങ്കിലും അവരും ഒരമ്മയല്ലേ. ഇങ്ങനെ സ്വയം അപഹാസ്യയാകുന്നത് എന്തിനാണ് എന്ന് ബിന്ദു കൃഷ്ണ പോസ്റ്റില്‍ പറയുന്നു.

കേന്ദ്രീയ വിദ്യാലയവും സര്‍ക്കാര്‍ സ്ഥാപനമാണെന്നും പ്രതിഭക്ക് സാമാന്യ വിവരമില്ലേയെന്നുമുള്ള വിമര്‍ശനങ്ങള്‍ വന്നതോടെ താന്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്നു ചേര്‍ത്ത് പോസ്റ്റ് പ്രതിഭ എംഎല്‍എ തിരുത്തിയിട്ടുണ്ട്.

Top