പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്​ സര്‍ക്കാറല്ല മലബാര്‍ ദേവസ്വം ബോര്‍ഡാണെന്ന്​ മുഖ്യമന്ത്രി

തിരുവന്തപുരം: ഗുരുവായുരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്​ സര്‍ക്കാറല്ല മലബാര്‍ ദേവസ്വം ബോര്‍ഡാണെന്ന്​ മുഖ്യമന്ത്രി.

സംഭവവുമായി ബന്ധപ്പെട്ട്​ ക്ഷേത്രങ്ങള്‍ക്ക്​ രക്ഷയില്ല എന്ന നിലയില്‍ പ്രചാരണം നടത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നതാണ്​ ചിലരുടെ ലക്ഷ്യം. വിശ്വസികള്‍ അടക്കമുള്ള പൊതുസമൂഹം ദുഷ്​പ്രചാരണങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെടുകയില്ലെന്ന്​ ഉറപ്പുണ്ടെന്നും സര്‍ക്കാര്‍ വ്യക്​തമാക്കി.

2010ലാണ്​ നടത്തിപ്പിലെ അഴിമതികളും അപകാതകളും ചൂണ്ടിക്കാട്ടി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ്​ ഏറ്റെടുക്കണമെന്ന്​ ആവശ്യപ്പെട്ട് നാട്ടുകാര്‍​ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നത്​. ഇൗ ഹരജിയുടെ അടിസ്ഥാനത്തിലാണ്​ ക്ഷേത്രം ഏറ്റെടുക്കാന്‍ തീരുമാനമായത്​.

എന്നാല്‍ കോടതി വിധി നടപ്പാക്കാനായി എത്തിയ ഉദ്യോഗസ്ഥരെ തടയുന്ന സമീപനമാണ്​ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായതെന്നും മുഖമന്ത്രിയുടെ ഒാഫീസ്​ കുറ്റപ്പെടുത്തുന്നു.

ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തത്​ അഴിമതി ​നില നിന്ന സാഹചര്യത്തിലും കോടതി വിധിയുടെ അടിസ്ഥാനത്തിലുമാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ്​ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Top