പാർത്ഥ ചാറ്റർജി മന്ത്രി കസേരയിൽ നിന്ന് പുറത്തേക്കോ? : ടിഎംസി യോഗം അഞ്ച് മണിക്ക്

ബംഗാൾ: എസ്.എസ്.സി അഴിമതിക്കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയേക്കും . ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനമെടുക്കാൻ തൃണമൂൽ കോൺഗ്രസ് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് യോഗം ചേരും. പാർട്ടി അദ്ധ്യക്ഷൻ അഭിഷേക് ബാനർജിയാണ് യോഗം വിളിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയും യോഗത്തിൽ പങ്കെടുക്കും. പാർത്ഥ ചാറ്റർജിയെ പാർട്ടിയുടെ എല്ലാ പദവിയിൽ നിന്നും പുറത്താക്കാനും സാദ്ധ്യതയുണ്ട്. മന്ത്രിസഭയിൽ നിന്നും പുറത്താക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി മമത ബാനർജിയുടേതാണ്. നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ സെക്രട്ടറി ജനറലാണ് പാർത്ഥ ചാറ്റർജി. അർപ്പിതയുടെ വീട്ടിൽ നിന്നും വീണ്ടും കോടികൾ കണ്ടെത്തിയതിന് പിന്നാലെയാണ് ടിഎംസിയുടെ നീക്കം.

നേരത്തെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും വക്താവുമായ കുനാൽ ഘോഷ് സംഭവത്തിൽ പ്രതികരിച്ചിരുന്നു. പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കണമെന്നാണ് കുനാൽ ഘോഷ് പറഞ്ഞത്. തന്റെ പ്രസ്താവന തെറ്റാണെങ്കിൽ തന്നെ പാർട്ടിയുടെ പദവികളിൽ നിന്നും നീക്കാമെന്നും കുനാൽ ഘോഷ് പറഞ്ഞിരുന്നു. അതേസമയം അർപ്പിതയുടെ വീട്ടിൽ ഇന്നലെ നടത്തിയ റെയ്ഡിൽ 29 കോടിയോളം രൂപയും സ്വർണ്ണാഭരണങ്ങളും ഇഡി വീണ്ടും പിടിച്ചെടുത്തിരുന്നു. വസതിയിൽ നിന്നും കണ്ടെത്തിയ പണം പാർത്ഥയുടേതാണെന്നും സൂക്ഷിക്കാനായി തന്റെ ഫ്‌ളാറ്റ് ഉപയോഗിച്ചതാണെന്നും അർപ്പിത മുഖർജി ഇഡിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Top