ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ ഇനി പാര്‍ട്ട് ടൈം ജോലി സംവിധാനം

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം ജോലി സംവിധാനം അനുവദിക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

കുടുംബ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതത്വം നിലനിര്‍ത്താന്‍ ജീവനക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി സഭാ യോഗത്തിൽ പറഞ്ഞു. രാവിലെ മുതല്‍ വൈകിട്ട് വരെ ഓഫീസുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ മക്കളെയും മാതാപിതാക്കളെയും പരിപാലിക്കുക പ്രയാസകരമാവുന്ന സാഹചര്യങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് മന്ത്രി സഭാ യോഗത്തിന്റെ വിലയിരുത്തല്‍.

പ്രധാനമായും വനിതാ ജീവനക്കാരെ ലക്ഷ്യമിട്ടാണ് മന്ത്രിസഭാ യോഗം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതു പ്രകാരം ആഴ്ചയിലെ ജോലി സമയം പകുതിയായി കുറയും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പുതിയ സമ്പ്രദായം നടപ്പിലാക്കും.

 

Top