കരാറിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തികള്‍ക്ക്; പാഠ പുസ്തകത്തിന്റെ അച്ചടി മുടങ്ങി

കൊച്ചി: സ്വകാര്യ വ്യക്തികള്‍ക്ക് രണ്ടാം വോള്യം പാഠ പുസ്തകത്തിന്റെ അച്ചടിയുടെ ഒരു ഭാഗം കരാര്‍ നല്‍കാനുള്ള നീക്കത്തിനെതിരെ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ പൊതു മേഖല സ്ഥാപനമായ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സില്‍ പാഠപുസ്തകത്തിന്റെ അച്ചടി മുടങ്ങി. അതേസമയം, കൊവിഡ് കാലത്തുണ്ടായ അച്ചടിക്കുറവ് പരിഹരിക്കാനാണ് നടപടിയെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

ഓണത്തിന് ശേഷം സെപ്റ്റംബര്‍ പത്താം തീയതിയോടെയാണ് രണ്ടാം വോള്യം പാഠപുസ്തകങ്ങള്‍ സ്‌ക്കൂളുകളിലെത്തിക്കേണ്ടത്. രണ്ടു കോടി നാലുലക്ഷം പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. അച്ചടി പുരോഗമിക്കുന്നതിനിടെയാണ് കെബിപിഎസിലെ അഞ്ചു യന്ത്രങ്ങളില്‍ ഒരെണ്ണത്തിലെ പ്രിന്റിംഗ് ജോലികള്‍ കരാര്‍ നല്‍കാന്‍ മാനേജ്‌മെന്റ് ടെണ്ടര്‍ ക്ഷണിച്ചത്.

കരാറെടുക്കുന്നവര്‍ മൂന്നു ഷിഫ്റ്റുകളിലായി 1.20 ലക്ഷം കോപ്പികള്‍ വീതം അച്ചടിക്കണമെന്നാണ് കരാര്‍. 70 ഓളം ജീവനക്കാരാണ് ഇപ്പോള്‍ കെബിപിഎസില്‍ ജോലി ചെയ്യുന്നത്. വിദഗ്ദ്ധരായ ജീവനക്കാര്‍ ഉള്ളപ്പോള്‍ അച്ചടി കരാര്‍ നല്‍കിയതിനു പിന്നില്‍ അഴിമതിയുണ്ടെന്നാണ് യൂണിയനുകളുടെ ആരോപണം. കൊവിഡ് പ്രതിസന്ധി മൂലം അച്ചടിയുടെ 22 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നും സമയ ബന്ധിതമായി വിതരണം നടത്താനാണ് കരാര്‍ നല്‍കിയതെന്നുമാണ് മാനേജ്‌മെന്റന്റെ വിശദീകരണം.

Top