അന്യമതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് ആരാധനാലയത്തില്‍ പ്രവേശിക്കാം; സുപ്രീംകോടതി

ന്യൂഡല്‍ഹി: അന്യമതസ്ഥരെ വിവാഹം ചെയ്താലും പാഴ്‌സി സ്ത്രീകള്‍ക്ക് ഇനി സൊറാസ്ട്രിയന്‍ ആരാധനാലയത്തില്‍ പ്രവേശിക്കാമെന്ന് പാഴ്‌സി അഞ്ചുമന്‍ ട്രസ്റ്റ് സുപ്രീംകോടതിയില്‍.

ട്രസ്റ്റിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് ഇത് സംബന്ധിച്ച വിവരം കോടതിയെ ധരിപ്പിച്ചത്.

ഹിന്ദു വിശ്വാസിയെ വിവാഹം ചെയ്ത ഗൂല്‍റോഖ് എം.ഗുപ്ത ആരാധനാലയത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.

ട്രസ്റ്റിനു കീഴിലുള്ള ആരാധനാലയങ്ങളില്‍ പ്രാര്‍ഥിക്കുന്നതില്‍ സ്ത്രീകളെ വിലക്കില്ലെന്നും, ഗൂല്‍റോഖിന്റെ 80 കാരായ മാതാപിതാക്കള്‍ മരിക്കുമ്പോള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാമെന്നും ട്രസ്റ്റ് കോടതിയെ അറിയിച്ചു.

അതേസമയം, ശ്മശാനത്തില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ജനുവരി 17-ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകള്‍ സൊറാസ്ട്രിയന്‍ ആരാധനാലയത്തില്‍ കയറരുതെന്ന ട്രസ്റ്റിന്റെ തീരുമാനത്തെ അംഗീകരിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ഗൂല്‍റോഖ് സുപ്രീം കോടതിയെ സമീപിച്ചത്.

അന്യമതസ്ഥനെ വിവാഹം ചെയ്തത് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണെങ്കിലും സ്വന്തം മതത്തെ നിഷേധിക്കലാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി.

എന്നാല്‍ അന്യമതസ്ഥനെ വിവാഹം ചെയ്തുവെന്നത് ഒരു വ്യക്തിയുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Top