രാഷ്ട്രനിര്‍മ്മാതാക്കളുടെ സ്വപ്‌നം സാക്ഷാത്കരിച്ചു: നയപ്രഖ്യാപനവുമായി രാഷ്ട്രപതി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നടപടികളെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് നയപ്രഖ്യാപനം തുടങ്ങിയത്.

മുസ്ലീം സ്ത്രീകളുടെ നീതി ഉറപ്പാക്കാന്‍ മുത്തലാഖ് അടക്കം നിരവധി നിയമഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നുവെന്നും ജമ്മുകശ്മീരിലെ 370,35എ നിയമങ്ങള്‍ റദ്ദാക്കിയത് ചരിത്രപരമെന്നും അതിലൂടെ കശ്മീരിലെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ അയോധ്യവിധിയേയും രാഷ്ട്രപതി പരാമര്‍ശിച്ചു. അയോധ്യവിധിയെ പക്വതയോടെയാണ് രാജ്യം ഉള്‍ക്കൊണ്ടതെന്നും ഡല്‍ഹിയിലെ അനധികൃത കോളനികള്‍ നിയമ വിധേയമാക്കിയതിലൂടെ 40 ലക്ഷം ജനങ്ങള്‍ക്ക് നേട്ടമുണ്ടായെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായ പൗരത്വ നിയമവും നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു, ഭേദഗതിയിലൂടെ ഗാന്ധിജിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ നയപ്രഖ്യാപനത്തെ ഭരണപക്ഷം കൈയ്യടിയോടെ സ്വീകരിച്ചപ്പോള്‍ പ്രതിപക്ഷം വന്‍ പ്രതിഷേധമാണ് സഭയിലുയര്‍ത്തിയത്. അവര്‍ തങ്ങളുടെ സ്ഥാനം മുന്‍നിരയില്‍ നിന്ന് പിന്‍നിരയിലേയ്ക്കാക്കി. സോണിയാ ഗാന്ധിയും ഗുലാബ് നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിന്‍നിരയിലാണ് സ്ഥാനം ഉറപ്പിച്ചത്.

Top