പാര്‍ലമെന്റ് സമ്മേളനം; നാലാം ദിവസവും പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം

Indian-parliament

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ നാലാം ദിവസവും സഭയില്‍ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷ തീരുമാനം. ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം, ഇന്ധന വിലവര്‍ധന തുടങ്ങിയ വിഷയങ്ങളിലാകും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുക. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇരുസഭകളിലും നോട്ടിസ് നല്‍കി.

മറുവശത്ത് പ്രതിപക്ഷ പ്രതിഷേധത്തെ ശക്തമായി നേരിടാന്‍ ഭരണപക്ഷം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സഭ തടസപ്പെടുത്താന്‍ ശ്രമിക്കുന്ന അംഗങ്ങള്‍ക്ക് എതിരെ അച്ചടക്ക നടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ശാന്തനു സെന്നിനെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.

കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരനാകും ഇതിനായുള്ള പ്രമേയം അവതരിപ്പിക്കുക. ഇന്നലെ സഭയില്‍ പ്രസ്താവന നടത്തുന്നതിനിടെ ഐടി മന്ത്രി അശ്വനി വൈഷ്ണവിന്റെ കൈയില്‍ നിന്ന് പേപ്പര്‍ തട്ടിയെടുത്ത് ശാന്തനു കീറിയിരുന്നു. ഈ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാകും ശാന്തനുവിന് എതിരായ നടപടിക്ക് ശുപാര്‍ശ.

Top