തെരഞ്ഞെടുപ്പില്‍ ഇടപെടരുത്: ട്വിറ്റര്‍ അധികൃതര്‍ക്ക് പാര്‍ലമെന്ററി കമ്മിറ്റിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടാകരുതെന്ന് ട്വിറ്റര്‍ അധികൃതര്‍ക്ക് പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശം നല്‍കി. ട്വിറ്ററിന്റെ പബ്ലിക്ക് പോളിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കോളിന്‍ ക്രോവെലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ട്വിറ്റര്‍ അധികൃതര്‍ക്ക് പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശം നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ട്വിറ്ററുമായി ബന്ധപ്പെട്ട് ചൂണ്ടികാണിക്കുന്ന പരാതികള്‍ വേഗത്തില്‍ പരിഹരിക്കണം. രാജ്യത്തെ തെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിന് ട്വിറ്റര്‍ തടസ്സം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ സമിതി ട്വിറ്റര്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ട്വിറ്റര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നും വലതുപക്ഷ വിരുദ്ധ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്നും കാണിച്ച് പാര്‍ലമെന്ററി കമ്മിറ്റിയില്‍ പരാതി സമര്‍പ്പിക്കപ്പെട്ടിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ട്വിറ്റര്‍ അധികൃതരോട് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകാനും വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ട്വിറ്ററിന്റെ പബ്ലിക്ക് പോളിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റായ കോളിന്‍ ക്രോവെല്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്. പരാതിയുമായി ബന്ധപ്പെട്ട് കോളിന്‍ ക്രോവെലില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ചര്‍ച്ച മൂന്നര മണിക്കൂറോളം നീണ്ടു നിന്നു. ട്വിറ്ററിനെതിരെ ഉയര്‍ന്ന പരാതിയില്‍ തങ്ങളുടെ വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാനായി ട്വിറ്ററിന്10 ദിവസത്തെ സമയവും പാര്‍ലമെന്ററി സമിതി അനുവദിച്ചു.

Top