വിദേശികളെ ഉപദേശകരായി നിയമിച്ച നടപടിയ്‌ക്കെതിരെ പാര്‍ലമെന്റംഗങ്ങള്‍

കുവൈത്ത് : വിദേശികളെ തൊഴില്‍ സാമൂഹിക മന്ത്രാലയത്തില്‍ ഉപദേശകരായി നിയമിച്ച തൊഴില്‍സാമൂഹിക മന്ത്രി ഹിന്ദ് അല്‍ സുബീഹിന്റെ നടപടിയ്‌ക്കെതിരെ പാര്‍ലമെന്റംഗങ്ങള്‍.

ഈ നടപടി പിന്‍വലിച്ചില്ലെങ്കില്‍ മന്ത്രിയെ കുറ്റവിചാരണയ്ക്ക് വിധേയമാക്കുമെന്ന് എംപിമാര്‍ മുന്നറിയിപ്പ് നല്‍കി.

സ്വദേശികള്‍ നില്‍ക്കെ വിദേശികള്‍ക്ക് രണ്ടായിരവും മൂവായിരവും ദിനാര്‍ ശമ്പളം നല്കി നിയമിച്ച നടപടിക്കെതിരെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍പൊതുമേഖലയില്‍ അര്‍ഹരായ സ്വദേശികള്‍ ഇല്ലെങ്കിലേ വിദേശികളെ പരിഗണിക്കേണ്ടതുള്ളൂ എന്ന് വ്യവസ്ഥ ചെയ്യുന്ന കരട്ബില്ല് പാര്‍ലമെന്റ് അംഗം അബ്ദുള്‍ കരീം അല്‍ കന്ദരി സമര്‍പ്പിച്ചു.

സ്വദേശികളില്ലെങ്കില്‍ മാത്രം വിദേശികളെ നിയമിക്കുന്ന തൊഴില്‍ കരാറിന് അഞ്ച് വര്‍ഷത്തെ കാലാവധിയാണുള്ളത്. കാലാവധി കഴിയുന്നതോടെ കരാര്‍ പുതുക്കി നല്‍കാന്‍ പാടില്ലെന്നും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.

തൊഴില്‍ തേടി കാത്തിരിക്കുന്ന സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുക എന്നതാണ് കരട് ബില്ല് ലക്ഷ്യമിടുന്നത്.

Top