പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പുകയുമ്പോള്‍ പൗരത്വഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പുകയുമ്പോള്‍ പൗരത്വഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഇന്ന് 12 മണിയോടെയാണ് ലോക്സഭയില്‍ പൗരത്വഭേദഗതി ബില്‍ അവതരിപ്പിക്കുന്നത്. മുസ്ലിങ്ങള്‍ക്കുനേരെയുള്ള പ്രത്യക്ഷവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാര്‍ട്ടികളും സാമൂഹികസംഘടനകളും എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് ബില്‍ അവതരിപ്പിക്കുന്നത്.

ബില്ലിനെ എതിര്‍ത്തുവോട്ടുചെയ്യാന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച വൈകീട്ടു ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതലസമിതിയോഗം തീരുമാനിച്ചിരുന്നു. ബില്ലിനെ ഇരുസഭകളിലും എതിര്‍ക്കുമെന്ന് സിപിഎം അറിയിച്ചു. ഭേദഗതിയില്‍ പ്രത്യേക രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ അയല്‍ രാജ്യങ്ങളെന്നാക്കണമെന്നും മതങ്ങളുടെ പേര് പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

പൗരത്വബില്ലിനെ എതിർത്ത് മുസ്ലിം ലീഗ് നോട്ടീസ് നല്കി. അവതരണ വേളയിൽ എതിർക്കാനാണ് നോട്ടീസ്. പൗരത്വ ഭേദഗതി ബിൽ സഭയില്‍ അവതരിപ്പിക്കുന്ന ഇന്ന് ഇന്ത്യയുടെ കറുത്ത ദിനമാണെന്നും മതേതര കക്ഷികൾ ബില്ലിനെ ഒന്നിച്ച് ശക്തമായി എതിർക്കുമെന്നും മുസ്‍ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അസമില്‍ ഇന്ന് 12 മണിക്കൂര്‍ ബന്ദ് നടക്കുകയാണ്. ട്രൈബല്‍ സ്റ്റുഡന്റ് ബോഡീസും മറ്റു 16 സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. 545 അംഗ ലോക്സഭയില്‍ 303 എംപിമാരുള്ള ബിജെപിക്ക് അനായാസം ബില്‍പാസാക്കിയെടുക്കാനാകും.

Top