ചരിത്ര സ്മാരകമായി പഴയ പാര്‍ലിമെന്റ് മന്ദിരം; പാര്‍ലിമെന്റ് സമ്മേളനം ഇന്ന് മുതല്‍ പുതിയ മന്ദിരത്തില്‍

ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് മുതല്‍ പുതിയ മന്ദിരത്തില്‍ നടക്കും. പുതിയ മന്ദിരത്തില്‍ ഇന്ന് ലോക്‌സഭയും രാജ്യസഭയും ചേരും. രാവിലെ ഒന്‍പതരക്കുള്ള ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. കേന്ദ്രമന്ത്രിമാരും ലോക്‌സഭാംഗങ്ങളും അദ്ദേഹത്തെ അനുഗമിക്കും.

പുതിയ മന്ദിരത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.15 ന് ലോക്‌സഭയും 2.15 ന് രാജ്യസഭയും ചേരും. രണ്ട് അജണ്ടകള്‍ മാത്രമാണ് ഇന്നത്തെ യോഗത്തിലുള്ളത്. വനിതാ സംവരണ ബില്‍ അടക്കമുള്ളവ നാളെയായിരിക്കും നടക്കുക. വനിതാ സംവരണ ബില്‍ നടപ്പാക്കുക 2029ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലായിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

എല്ലാ നിയമസഭകളുടെയും അംഗീകാരം ആറു മാസത്തില്‍ കിട്ടാനിടയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. മണ്ഡല പുനര്‍നിര്‍ണ്ണയവും കൂടി പൂര്‍ത്തിയായ ശേഷമാകും സംവരണ സീറ്റുകള്‍ തീരുമാനിക്കുക. അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ല് വനിതാ സംവരണം തന്നെയാകുമെന്നാണ് കരുതുന്നത്.

Top