പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകള്‍ അന്വേഷണ സംഘം പരിശോധിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ അറസ്റ്റിലായവരുടെയും കസ്റ്റഡിയിലുള്ളവരുടെയും മുഴുവന്‍ സമൂഹമാധ്യമ ഇടപെടലും പരിശോധിക്കാന്‍ അന്വേഷണ സംഘം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ ഉടമയായ മെറ്റയ്ക്ക് ദില്ലി പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റ് കത്തയച്ചു. ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിംഗ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് തേടിയിട്ടുണ്ട്.

കൊല്‍ക്കത്തയിലും അന്വേഷണം നടന്നു. കേസിലെ മുഖ്യ പ്രതിയായ ലളിത് ഝായുമായി അടുപ്പമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ലളിത് ഝാ പ്രവര്‍ത്തിച്ചിരുന്ന എന്‍ജിഒയെ കുറിച്ചുള്ള വിവരങ്ങളും ഡല്‍ഹി പൊലീസ് തേടി. ലളിത് ഝായും കുടുംബവും താമസിച്ചിരുന്ന വീടും പരിശോധിച്ചേക്കും. പ്രതികള്‍ക്ക് പാര്‍ലമെന്റില്‍ കയറാന്‍ പാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യം ചെയ്യും.

കൂടാതെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഇവര്‍ വാട്‌സാപ്പില്‍ നടത്തിയ ചാറ്റുകള്‍ പങ്കുവെക്കാനും അന്വേഷണ സംഘം മെറ്റയോട് ആവശ്യപ്പെട്ടു. പ്രതികളുടെ ഗൂഗിള്‍ പേ, പേ-ടിഎം, ഫോണ്‍ പേ എന്നിവയില്‍ നിന്ന് ഡല്‍ഹി പൊലീസ് വിവരങ്ങള്‍ തേടി. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തുന്നതിനായിരുന്നു നടപടി.

Top