പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് ; പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം

Ram Nath Kovind

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

രാജ്യം പുരോഗതിയുടെ പാതയിലാണ്. സ്വയം സഹായ സംഘങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ജലസേചനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി അറിയിട്ടു.

അടല്‍ പെന്‍ഷന്‍ സ്‌കീം 80 ലക്ഷം ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടു. സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹബ് അംബേദ്കര്‍ പറയാറുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായിരിക്കും ബജറ്റില്‍ മുന്‍ഗണന നല്‍കും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വിള ഇന്‍ഷുറന്‍സ് 18 കോടി കര്‍ഷകര്‍ക്ക് ആശ്വാസമായി. ബേഠിബച്ചാവോ ബേഠി പഠാവോ പദ്ധതി 640 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. 2022ഒടെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിയും – രാംനാഥ് കോവിന്ദ് തുടര്‍ന്നു.

പാവപ്പെട്ടവര്‍ക്ക് ബാങ്കിങ് സംവിധാനം എളുപ്പമാക്കി. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്‌ക്കോളര്‍ഷിപ്പുകള്‍ അനുവദിക്കും. പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന്‍ 2018 നിര്‍ണായകമാണെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.

ഭാരത്മാലാ റോഡ് പദ്ധതിക്ക് 5.35 ലക്ഷം രൂപ നീക്കിവെച്ചു. ക്ഷീരോത്പാദന മേഖലയ്ക്ക് 11,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കും. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പദ്ധതികള്‍ അനുവദിക്കുമെന്നും രാംനാഥ് കോവിന്ദ് വ്യക്തമാക്കി.

ബജറ്റ് സമ്മേളനത്തിനായി കൂടിയ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുപിന്നാലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സഭയുടെ മേശപ്പുറത്തുവയ്ക്കും.

Top