പ്രതിഷേധം തുടരുന്നതിനിടയില്‍ രാജ്യസഭ ഗ്രാറ്റിവിറ്റി ബില്‍ പാസാക്കി

rajyasabha

ന്യൂഡല്‍ഹി : അവിശ്വാസപ്രമേയത്തെചൊല്ലി പ്രതിഷേധം തുടരുന്നതിനിടയില്‍ രാജ്യസഭ ഗ്രാറ്റിവിറ്റി ബില്‍ പാസാക്കി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഗ്രാറ്റിവിറ്റി തുകയുടെ നികുതിയൊഴിവു പരിധി 20 ലക്ഷം രൂപയായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു.

അവിശ്വാസപ്രമേയത്തെചൊല്ലി ആന്ധ്രയില്‍ നിന്നുള്ള എംപിമാരും കാവേരി വിഷയത്തില്‍ അണ്ണാ എഡിഎംകെ അംഗങ്ങളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ലോക് സഭ ഇന്നും തടസപ്പെട്ടു.

ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ തയാറാകാത്തതോടെ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു.

നടപടികള്‍ തുടരാന്‍ സഹകരിക്കണമെന്ന സ്പീക്കര്‍ സുമിത്ര മഹാജന്റെ അഭ്യര്‍ഥന അംഗങ്ങള്‍ അംഗീകരിക്കാത്തതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.

പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി അതൃപ്തി പ്രകടിപ്പിച്ചു.

Top