വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നു. .

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നു.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. 207 സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി. 21 രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ കൂട്ടായ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ഗാന്ധി അടക്കമുള്ള പാര്‍ട്ടി നേതാക്കന്‍മാര്‍ക്കും കത്തയച്ചിട്ടുണ്ട്.

ഡല്‍ഹി പ്രാന്തങ്ങളിലെ അഞ്ച് കേന്ദ്രങ്ങളില്‍നിന്ന് ആയിരക്കണക്കിനു കര്‍ഷകവളണ്ടിയര്‍മാര്‍ കാല്‍നടയായി സഞ്ചരിച്ച് രാംലീല മൈതാനത്ത് എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഇവിടെനിന്നും ലക്ഷത്തോളം കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും.

കര്‍ഷകര്‍ക്കായി മൈതാനത്ത് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ആരംഭിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷക റാലിയില്‍ പങ്കെടുക്കണമെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി , കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ,മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കും എ.ഐ.കെ.എസ്.സി. സി കത്തച്ചിട്ടുണ്ട്.

കര്‍ഷകരുടെ റാലിക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിരമിച്ച സൈനീകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തൊഴില്‍മേഖലയില്‍ ഉള്ളവരുടെ നാളത്തെ മാര്‍ച്ചില്‍ പങ്കെടുക്കും.

Top