നിയമം ഉണ്ടാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്; പഞ്ചാബ് മുഖ്യന് ക്ലാസെടുത്ത് കേന്ദ്രമന്ത്രി

പൗരത്വ നിയമത്തിന് എതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ പിന്തുണച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് ക്ലാസെടുത്ത് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. തന്നെ അഭിസംബോധന ചെയ്ത് തുറന്ന കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അമരീന്ദറിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം പ്രയോജനപ്പെടുത്തി അയല്‍രാജ്യങ്ങളില്‍ നിന്നും ആളുകള്‍ നുഴഞ്ഞുകയറുമെന്ന ആശങ്കയാണ് പഞ്ചാബ് മുഖ്യമന്ത്രി പങ്കുവെച്ചത്.

ജനങ്ങളുടെ ശബ്ദം കേന്ദ്രത്തെ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായത് കൊണ്ടാണ് തുറന്ന കത്ത് അയയ്ക്കുന്നതെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ‘നിയമ മന്ത്രി എന്ന നിലയില്‍ സിഎഎ ഭരണഘടനയുടെ പരീക്ഷയില്‍ പരാജയപ്പെടുമെന്ന് അറിയണം’, സിംഗ് വ്യക്തമാക്കി. എന്നാല്‍ കേന്ദ്രവും, സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധിക്കൂവെന്ന് നിയമമന്ത്രി തിരിച്ചടിച്ചു.

പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ സംരക്ഷണം നല്‍കിയ രാജ്യത്തിന്റെ സൃഷ്ടാക്കള്‍ കാണിച്ച ഇന്ത്യയുടെ പാരമ്പര്യത്തെയും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിച്ചു. ‘പ്രിയപ്പെട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ ജി, നിങ്ങള്‍ ഇന്ത്യക്കായി പോരാടിയ സൈനിക ഓഫീസറാണ്. കേന്ദ്രവും, സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് രാജ്യം സുരക്ഷിതമാകുന്നത്. വിശ്വാസങ്ങളുടെ പേരില്‍ വേട്ടയാടപ്പെട്ടവര്‍ക്ക് സുരക്ഷ നല്‍കണം. ഇത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യമാണ്’, നിയമമന്ത്രി വ്യക്തമാക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 345, 246, 256 പ്രകാരം രാജ്യത്തിനായി നിയമങ്ങള്‍ പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിച്ചു. ഓരോ സംസ്ഥാനവും ഇതിന് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി

Top