രാജസ്ഥാനും മധ്യപ്രദേശും കൈവിടുമെന്ന ഭീതിയില്‍ ബി.ജെ.പി, ഉഷാറായി പ്രതിപക്ഷം

modi_rahul

ന്യൂഡല്‍ഹി : ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്കയില്‍ ബി.ജെ.പി.

ഗുജറാത്തില്‍ പ്രയാസപ്പെട്ട് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞ സാഹചര്യമല്ല ബി.ജെ.പി ഭരണം നടത്തുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഉണ്ടാകുകയെന്ന ‘തിരിച്ചറിവ് ‘ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്. രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് സിറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസ്സ് അട്ടിമറി വിജയം നേടിയതാണ് കേന്ദ്ര നേതൃത്വത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്.

നിയമസഭാ-ലോകസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ ഈ തിരിച്ചടി മോദിയുടെ രണ്ടാമൂഴത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഉടന്‍ തന്നെ പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും ചില മാറ്റങ്ങളും തിരുത്തല്‍ നടപടികളും സ്വീകരിക്കാന്‍ രാജസ്ഥാന്‍ ഘടകത്തോടും സംസ്ഥാന സര്‍ക്കാറിനോടും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉടന്‍ തന്നെ ആവശ്യപ്പെടുമെന്നാണ് സൂചന.

അമിത് ഷാ പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഉടന്‍ ചേരുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങളും വ്യക്തമാക്കി. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകയേക്കാള്‍ ബി.ജെ.പി പ്രാധാന്യം കൊടുക്കുന്നത് ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കാണ്. ഇവിടങ്ങളില്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിക്കുന്നത് പ്രതിരോധിക്കാന്‍ പ്രയാസകരമാണ് എന്നതിനാലാണ് ഈ ജാഗ്രത.

അതേസമയം ദക്ഷിണേന്ത്യയിലെ ഏക പ്രതീക്ഷയായ കര്‍ണ്ണാടകയില്‍ ഇത്തവണ ഭരണം പിടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടന്നും ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നുണ്ട്. കോണ്‍ഗ്രസ്സാവട്ടെ രാജസ്ഥാനിലെ മിന്നുന്ന പ്രകടനത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ് ,രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാമെന്നും കര്‍ണ്ണാടകയില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്നുമാണ് കണക്ക് കൂട്ടല്‍. ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള ഈ വിജയങ്ങള്‍ മോദി സര്‍ക്കാറിന്റെ രണ്ടാമൂഴം എന്ന സ്വപ്നത്തിനു മേല്‍ കരിനിഴല്‍ വീഴുത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഹൈക്കമാന്റ്.

ബി.ജെ.പിയെ കേന്ദ്രത്തില്‍ ഭരണത്തിലേറ്റാന്‍ പ്രധാന സംഭാവന നല്‍കിയ സംസ്ഥാനങ്ങളാണ് മധ്യപ്രദേശും രാജസ്ഥാനും. അവര്‍ക്ക് ഏറ്റവും കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്ത ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും തമ്മില്‍ സഖ്യമായില്ലങ്കിലും തിരഞ്ഞെടുപ്പ് ധാരണയെങ്കിലും വേണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ്സ് മുന്നോട്ട് വച്ചിരിക്കുന്നതും തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ്.

രാഹുല്‍ ഗാന്ധി ഇതു സംബന്ധമായി മായാവതിയുമായും അഖിലേഷ് യാദവുമായും നേരിട്ട് സംസാരിക്കുമെന്ന അഭ്യൂഹവും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാണ്. ഭരണം കിട്ടിയില്ലങ്കിലും മികച്ച പ്രകടനം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ചതിനാല്‍ ചുരുങ്ങിയത് പകുതി ലോക്‌സഭാ സീറ്റുകളില്‍ ഇവിടെ നിന്നും വിജയിക്കാമെന്നതാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷ.

തൊഗാഡിയ-മോദി ഭിന്നതയിലും പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷയുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി കഴിഞ്ഞ തവണ നേടിയ സീറ്റുകളുടെ പകുതി നേടിയാല്‍ പോലും വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ല. മഹാരാഷ്ട്രയില്‍ ശിവസേന ഉയര്‍ത്തുന്ന ഭീഷണിയും ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സ്-എന്‍.സി.പി സഖ്യം ഇവിടെ നിന്നും ഭൂരിപക്ഷം ലോക്‌സഭാ സീറ്റുകളും നേടുമെന്നാണ് കോണ്‍ഗ്രസ്സ് പ്രതിക്ഷ.

തമിഴകത്ത് രജനിയെ മുന്‍ നിര്‍ത്തി തന്ത്രപരമായ ഇടപെടല്‍ നടത്തുന്ന ബി.ജെ.പിക്ക് കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനവും രജനിക്കെതിരായ പ്രാദേശിക വികാരവും ഫലം എന്താക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ആശങ്കയുണ്ട്. ഈ ‘താര’ മത്സരത്തില്‍ ഡി.എം.കെ-കോണ്‍ഗ്രസ്സ് സഖ്യം ഭരണം പിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

Top