പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ മോദിയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം

ന്യൂഡല്‍ഹി:പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രിക്കെതിരെ അതിശക്തമായ പ്രതിഷേധം. എ ബി വാജ്‌പേയി അനുസ്മരണ ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. ആം ആദ്മി എംപിമാര്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും മുദ്രാവാക്യം മുഴക്കി.

അതേസമയം, ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി നടത്തുന്ന ഓണ്‍ലൈന്‍ സംവാദം തുടങ്ങി. കിസാന്‍ സമ്മാന്‍ നിധി നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നും ഇത് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് കൃഷിമന്ത്രിയും അറിയിച്ചു. നിയമത്തെക്കുറിച്ച് ചിലര്‍ കിംവദന്തികള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുവെന്ന് കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹിയില്‍ പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്ന് ഒരു മാസമായിരിക്കുകയാണ്. വിവാദനിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടിയാണ് 9 കോടി കര്‍ഷകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്. ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ കര്‍ഷക സംഘനകള്‍ക്ക് കത്തു നല്‍കിയിരുന്നു. കര്‍ഷകരുടെ എല്ലാ ആവശ്യവും ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ന്യായമായ പരിഹാരത്തിന് തയ്യാറെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം കര്‍ഷകര്‍ക്കൊപ്പം മന്ത്രിമാര്‍ കേള്‍ക്കും. എന്നാല്‍, തുറന്ന മനസ്സോടെയെങ്കില്‍ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്നാണ് കര്‍ഷക സംഘടനകള്‍ നിലപാട് എടുത്തിരിക്കുന്നത്.

Top