പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവും, ബജറ്റവതരണം ഫെബ്രുവരി 1ന്

parliament

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തയോഗത്തെ സെന്‍ട്രല്‍ ഹാളില്‍ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്.

തുടര്‍ന്ന് ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2017-18 വര്‍ഷത്തെ സാമ്പത്തികസര്‍വേ റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കും.

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ്. ബജറ്റവതരണം ഫെബ്രുവരി ഒന്നിനാണ്.

സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മാര്‍ച്ച് അഞ്ചിനു തുടങ്ങുന്ന രണ്ടാംഘട്ടം ഏപ്രില്‍ ആറിനും അവസാനിക്കും. അതേസമയം, സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ സുമിത്രാ മഹാജനും പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാറും വിളിച്ച സര്‍വകക്ഷിയോഗങ്ങള്‍ ഇന്ന് നടക്കും.

അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയാണിത്. ആയതിനാല്‍ അടുത്ത വര്‍ഷം വോട്ട് ഓണ്‍ അക്കൗണ്ടോ ഇടക്കാല ബജറ്റോ മാത്രമേ ഉണ്ടാവുകയുള്ളു. അതിനാല്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ എല്ലാം ഈ ബജറ്റിലുണ്ടാകും.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷംമാത്രം ശേഷിക്കെ ബജറ്റിനോടുള്ള സര്‍ക്കാര്‍ സമീപനവും നിര്‍ണായകമാണ്.

Top