പാര്‍ലമെന്റ് സമ്മേളനം നാളെ മുതല്‍ ; നിയമമാക്കാനായി 27 ബില്ലുകള്‍

Indian-parliament

ന്യൂഡല്‍ഹി: നാളെ മുതല്‍ ഡിസംബര്‍ 13 വരെ നടക്കുന്ന പാര്‍ലമെന്ററി ശൈത്യകാല സമ്മേളനത്തില്‍ 27ബില്ലുകള്‍ പാസാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. കോര്‍പ്പറേറ്റ് നികുതി കുറച്ചത്, ഇ-സിഗരറ്റ് നിരോധിച്ചത് തുടങ്ങിയ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളുള്‍പ്പെടെയുള്ളവയാണ് ശൈത്യകാല സമ്മേളനത്തില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ അനധികൃത കോളനികളെ ക്രമപ്പെടുത്തുക, ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ മര്‍ദ്ദിക്കുന്നത് തടയാനുള്ള നിയമം എന്നിവയും സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുന്ന നികുതി നിയമ ഭേദഗതി ബില്‍ 2019, അയല്‍ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായെത്തി ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്‍, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍ എന്നിവയും സര്‍ക്കാര്‍ പാസാക്കാന്‍ ശ്രമിക്കും.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുടെ അവകാശ സംരക്ഷണത്തിനുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍( പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ്) ബില്‍, മെഡിക്കല്‍ കമ്മീഷന്‍ ബില്‍,ഗര്‍ഭപാത്രം സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നത് തടയുന്ന സറോഗസ്സി (റെഗുലേഷന്) ബില്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്നവയില്‍ സുപ്രധാനമായ മറ്റ് ബില്ലുകള്‍. ഇതില്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നിരുന്നു.

Top