പാര്‍ലമെന്റ് ആക്രമണം; 8 ഐ.എസ് ഭീകരരെ ഇറാന്‍ തൂക്കിലേറ്റി

ടെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റിനുനേരെ 2017ല്‍ നടന്ന ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട 8 ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ ജുഡീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ ന്യൂസ് അറിയിച്ചു. അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളും വധശിക്ഷ നടപ്പാക്കിയതായി സ്ഥിരീകരിച്ചു.

ഐ.എസ് ഭീകരരായ സുലൈമാന്‍ മുസാഫരി, ഇസ്‌മൈല്‍ സൂഫി, റഹ്മാന്‍ ബെറൂസ്, മജീദ് മുര്‍ത്താസ്, സിറൗസ് അസീസ്, അയ്യൂബ് ഇസ്‌മെയിലി, ഖോസ്രോ റമാസാനി, ഉസ്മാന്‍ ബെറൗസ് എന്നിവരെയാണ് തൂക്കിലേറ്റിയത്.

അതേ സമയം വധശിക്ഷ എപ്പോള്‍ എവിടെവെച്ചാണ് നടപ്പാക്കിയതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. ഇറാനില്‍ വധശിക്ഷ വിധിക്കുന്നവരെ തൂക്കിക്കൊല്ലുകയാണ് പതിവ്. 2017 ജൂണ്‍ ഏഴിനാണ് പാര്‍ലമെന്റിനുനേരെ ഭീകരാക്രമണം നടന്നത്. ഇറാഖ്‌സിറിയന്‍ ഐ.എസ് ഭീകരര്‍ ഉള്‍പ്പെട്ട ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 50 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ കൂട്ടത്തോടെ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യമാണ് ഇറാന്‍. കൂട്ട ബലാത്സംഗം നടത്തിയ ഏഴുപേരെ 2007 ആഗസ്റ്റില്‍ തൂക്കിലേറ്റിയതാണ് ഇറാനിലെ വധശിക്ഷാ പരമ്പരയില്‍ അവസാനമായി നടപ്പാക്കിയത്.
പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ നിരവധി പേര്‍ വിചാരണ നേരിടുകയാണ്. ആക്രമണത്തിനു മറുപടിയായി ഇറാനിലെ അര്‍ദ്ധസൈനിക വിഭാഗം കിഴക്കന്‍ സിറിയയിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആറ് മിസൈലുകള്‍ തൊടുത്തിരുന്നു.

Top