പാര്‍ലമെന്റ് അംഗീകാരം നല്‍കി, ഫ്രാന്‍സില്‍ ഭീകരവിരുദ്ധ ബില്‍ പ്രാബല്യത്തില്‍

പാരീസ്: ഫ്രാന്‍സില്‍ ഭീകരവിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നു.

ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി ആഭ്യന്തരമന്ത്രി ജെറാര്‍ഡ് കൊളംബ് പറഞ്ഞു. നമ്മള്‍ ഇപ്പോഴും യുദ്ധത്തിന്റെ അവസ്ഥയിലാണെന്നും രാജ്യം വളരെ ഗുരുതരമായി ഭീഷണികള്‍ നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നിയമം നടപ്പാക്കുന്നതിലൂടെ മുന്‍കൂര്‍ വാറന്റില്ലാതെ പോലീസിനു രാത്രിയും വീടുകളില്‍ പരിശോധന നടത്താനും സംശയിക്കുന്നവരെ അറസ്റ്റു ചെയ്യാനും സാധിക്കും. കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്കു ആളുകളെ വിധേയമാക്കാനും പുതിയ നിയമംമൂലം സാധിക്കും.

പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നിര്‍ദേശപ്രകാരമാണ് ബില്‍ നടപ്പാക്കുന്നത്. രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ എതിര്‍പ്പുകളെ മറികടന്നാണ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. സ്വാതന്ത്ര്യം, സുരക്ഷ, പാര്‍ലമെന്റിന്റെ സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം തുടങ്ങിയവയ്ക്കു ഹാനികരമായ വ്യവസ്ഥകളാണ് ബില്ലില്‍ അടങ്ങിയിരിക്കുന്നതെന്ന് യുഎന്‍ വക്താവ് ഫിയാന്‍നോള നി ഐലോലൈന്‍ പറഞ്ഞു.

Top