നരേന്ദ്ര മോദി രാജ്യത്തെ ധ്രുവീകരിക്കാനുളള ശ്രമത്തിലാണെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പര്‍കാശ് സിംഗ് ബാദല്‍

ചണ്ഡിഗഢ്: രാജ്യത്തെ ധ്രുവീകരിക്കാനുള്ള ശ്രമത്തിലാണ നരേന്ദ്ര  മോദിയെന്ന് ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ പര്‍കാശ് സിംഗ് ബാദല്‍.അധികാരങ്ങള്‍ കേന്ദ്രീകരിക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രവണത രാജ്യത്തെ ദുര്‍ബലമാക്കുമെന്നും ഇതിനെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണി രൂപീകരിക്കണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രാചാരണത്തിനിടെ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ പോരാടാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നെന്നും എന്നാല്‍ പാര്‍ട്ടി തന്നോട് അഭ്യര്‍ത്ഥിച്ചതിനാലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സാന്നിധ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുമെന്നാണ് ബാദലിന്റെ അവകാശവാദം.

എ.എ.പിക്ക് സംസ്ഥാനം പിടിച്ചെടുക്കാന്‍ മാത്രമേ ആഗ്രഹമുള്ളൂ. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനും 1984ലെ കലാപത്തിനും കോണ്‍ഗ്രസ് ഉത്തരവാദിയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പഞ്ചാബിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ്. പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴെല്ലാം, അത് പരിഹരിക്കാന്‍ ശിരോമണി അകാലിദള്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. 15 വര്‍ഷമാണ് ഞാന്‍ ജയിലില്‍ കിടന്നത്. ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പരിധികളില്ലാതെ വികസനം നടത്തിയെന്നും ബാദല്‍ പറഞ്ഞു.

രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 94 കാരനായ ബാദല്‍. നേരത്തേ 11 തവണ അദ്ദേഹം എം.എല്‍.എയായിട്ടുണ്ട്.

 

 

Top