ഇടതിനെ ‘തുരത്താൻ ‘ കോൺഗ്രസ്സിന് ഒരു ‘കൈ’ സഹായത്തിനും പരിവാർ ‘തയ്യാർ

കോൺഗ്രസ്സ് മുക്ത ഭാരതമെന്ന നിലപാട് കേരളത്തിൽ കമ്യൂണിസ്റ്റ് മുക്ത കേരളമെന്ന് തിരുത്തി എഴുതണമെന്ന നിലപാടിൽ ആർ.എസ്.എസ്. ഇക്കാര്യം ബി.ജെ.പി നേതൃത്വത്തോട് ആർ.എസ്.എസ് ദേശീയ നേതൃത്വം തന്നെ ആവശ്യപ്പെട്ടതായാണ് സൂചന. അടുത്തയിടെ കേരളത്തിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് നടത്തിയ സന്ദർശനത്തിൽ കേരളത്തിലെ സംഘപരിവാർ നേതൃത്വം ഇടതുപക്ഷ ഭരണം തുടരുന്നതിലെ അപകടം ആർ.എസ്.എസ് മേധാവിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മതന്യൂനപക്ഷങ്ങൾ കൂടുതലായി ഇടതുപക്ഷത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷം തന്നെ വീണ്ടും കേരളത്തിൽ അധികാരത്തിൽ വരുമെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ അത് കേരളത്തിലെ സംഘപരിവാർ സംഘടനകളുടെ പ്രവർത്തനത്തെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക.

സി.പി.എമ്മിനൊപ്പം എക്കാലത്തും അണിനിരക്കുന്ന ഭൂരിപക്ഷ സമുദായത്തെ അടർത്തിയെടുക്കാതെ കേരളത്തിൽ ബി.ജെ.പിക്ക് മുന്നേറാൻ കഴിയില്ലന്ന തിരിച്ചറിവ് ആർ.എസ്.എസ് ദേശീയ നേതൃത്വത്തിനുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെടണം എന്നതാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്. സംസ്ഥാന ഭരണം നഷ്ടപ്പെട്ടാൽ ഇടതുപക്ഷത്തെ ഒതുക്കാൻ എളുപ്പമാണെന്ന കണക്ക് കൂട്ടലിലാണ് സകല നീക്കങ്ങളും നടക്കുന്നത്.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടതുപക്ഷത്തോട് കണക്ക് ചോദിക്കുമെന്നും പല സംഭവങ്ങളിലെയും അന്വേഷണങ്ങൾ സി.ബി.ഐക്ക് അവർ കൈമാറുമെന്നും ആർ.എസ്.എസ് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഇടതുപക്ഷ നേതൃത്വത്തെ അങ്ങനെ വരിഞ്ഞ് മുറുക്കി നേട്ടം കൊയ്യാമെന്നതാണ് മോഹം. ഇത് അതിമോഹമാണെന്ന് വിലയിരുത്താമെങ്കിലും ഒരു സാധ്യതയും തള്ളിക്കളയാൻ സാധിക്കുന്നതല്ല.

യു.ഡി.എഫ് സംസ്ഥാനം ഭരിക്കുമ്പോൾ കിട്ടിയ ഒരു ആനുകൂല്യവും കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോൾ സംഘപരിവാർ സംഘടനകൾക്ക് ലഭിച്ചിട്ടില്ല. ബി.ജെ.പി – ആർ.എസ്.എസ് സംസ്ഥാന നേതാക്കൾക്കെതിരെ വരെ ക്രിമിനൽ കേസുകളുടെ പരമ്പര ഉണ്ടായത് പിണറായി സർക്കാറിന്റെ കാലത്താണ്. ആർ.എസ്.എസ് നേതൃത്വത്തെ ഏറെ പ്രകോപിപ്പിച്ചതും ഇത്തരം നിലപാടുകളാണ്.

ഇടതുപക്ഷത്തിന്റെ അടിത്തറ തകർന്നാൽ മാത്രമേ കേരളത്തിൽ കാവിരാഷ്ട്രീയത്തിന് വേരോട്ടം ലഭിക്കുകയുള്ളൂ. അതിന് വിദ്യാഭ്യാസ മേഖലയിൽ നിന്നും തുടക്കമിടണമെന്നതാണ് ആർ.എസ്.എസ് നിർദേശം. മോഹൻ ഭാഗവതിനെ കണ്ട ഉടനെയാണ് സംസ്ഥാനത്തെ മുഴുവൻ വൈസ് ചാൻസലർമാരെയും പുറത്താക്കാൻ ഗവർണ്ണർ നീക്കം നടത്തിയിരിക്കുന്നത്. സർവ്വകലാശാലാ ഭരണം പിടിച്ച് ചുവപ്പിനെതിരായ ചിന്തകൾക്ക് തുടക്കമിടാനാണ് ഈ നീക്കമെന്നാണ് അക്കാദമിക് സമൂഹവും സംശയിക്കുന്നത്.

നിലവിൽ കേരളത്തിലെ ഒരു സർവ്വകലാശാലകളിലും സംഘപരിവാർ സംഘടനകൾ ശക്തമല്ല. എല്ലായിടത്തും ഇടതുപക്ഷ സംഘടനകൾക്കാണ് ആധിപത്യമുള്ളത്. അതു കൊണ്ടു തന്നെ ആർ.എസ്.എസ് അനുഭാവമുള്ളവരെ വൈസ് ചാൻസലർമാർ ആക്കിയാലും അവർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവർത്തിക്കാൻ കഴിയുകയില്ല.

കേന്ദ്ര സേനയെ ഇറക്കിയാൽ സ്ഥിതി കൂടുതൽ രൂക്ഷമാവുകയാണ് ചെയ്യുക. ഇക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ എന്തു തന്നെ സംഭവിച്ചാലും കേരള സർക്കാറിനെതിരെ ശക്തമായ നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന നിലപാടിൽ ആർ.എസ്.എസ് നേതൃത്വം ഉറച്ചു നിൽക്കുകയാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ചില നടപടികൾ ഉണ്ടാകണമെന്നതാണ് ആവശ്യം.

ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ ഗവർണ്ണർ നടത്തിയ നീക്കവും നിയമസഭയും മന്ത്രിസഭയും പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്തതും ഈ സാഹചര്യത്തിൽ ഗൗരവമായി തന്നെയാണ് ഇടതുപക്ഷവും കാണുന്നത്. ഗവർണ്ണർ നിയമസഭയെ അവഹേളിക്കുകയും തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നുമാണ് സർക്കാർ കേന്ദ്രങ്ങളും ആരോപിക്കുന്നത്. വലിയ ഒരു പ്രതിസന്ധി തന്നെയാണ് കേരളത്തിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.

ഒരു ലക്ഷം പ്രവർത്തകരെ അണിനിരത്തി രാജ്ഭവൻ വളയാനുള്ള ഇടതുപക്ഷ തീരുമാനം ഗവർണ്ണറെ മാത്രമല്ല കേന്ദ്ര സർക്കാറിനെയും ചൊടിപ്പിച്ചിട്ടുണ്ട്. സർക്കാറും – ഗവർണ്ണറും തമ്മിലുള്ള ഈ ഭിന്നത പൊട്ടിത്തെറിച്ച് ഗവർണ്ണർ ഭരണത്തിലേക്ക് കാര്യങ്ങൾ എത്തിയാൽ കേരളത്തിന്റെ ക്രമസമാധാന നിലയെ അത് വലിയ രൂപത്തിലാണ് ബാധിക്കുക.

ഇടതുപക്ഷത്തെ ‘തുരത്താൻ’ സ്വീകരിക്കുന്ന അത്തരം നടപടികൾ യഥാർത്ഥത്തിൽ ഇടതുപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്..

EXPRESS KERALA VIEW

Top