‘നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിൽ തുല്യത, രാജ്യാന്തര മാനദണ്ഡങ്ങളുടെ ലംഘനമല്ല’: കാനഡയോട് ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയിലും കാനഡയിലുമുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിൽ തുല്യത ആവശ്യപ്പെട്ടത് രാജ്യാന്തര മാനദണ്ഡങ്ങളുടെ ലംഘനമല്ലെന്ന് കേന്ദ്രസർക്കാർ. നയതന്ത്ര ബന്ധം സംബന്ധിച്ച് വിയന്ന കൺവെൻഷനിലെ ചട്ടങ്ങൾ ഇന്ത്യ ലംഘിച്ചെന്ന് ആരോപിച്ച് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പ്രസ്താവന. തുല്യത നടപ്പാക്കുന്നത് രാജ്യാന്തര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ശ്രമം തടയുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

‘‘നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥ, ഇന്ത്യയിലെ കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണം കൂടുതലായത്, നമ്മടെ ആഭ്യന്തര കാര്യങ്ങളിൽ അവരുടെ തുടർച്ചയായ ഇടപെടൽ എന്നിവ കാരണം ന്യൂഡൽഹിയിലെയും ഒട്ടാവയിലെയും നയതന്ത്ര സാന്നിധ്യം തുല്യത അർഹിക്കുന്നു.’’– വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇന്നു രാവിലെ മുംബൈ, ചണ്ഡീഗഡ്, ബെംഗളൂരു എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും താൽക്കാലികമായി അവസാനിപ്പിക്കാൻ കാനഡ നിർദേശം നൽകിയിരുന്നു. ഈ മൂന്നു നഗരങ്ങളിലെ കനേഡിയൻ പൗരന്മാരോട് ജാഗ്രത പാലിക്കാൻ അഭ്യർഥിച്ചു. ഇന്ത്യയിലുള്ള എല്ലാ കാനേഡിയൻ പൗരന്മാരും സഹായം ആവശ്യമുണ്ടെങ്കിൽ ന്യൂഡൽഹിയിലെ ഹൈക്കമ്മിഷനെ ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഖലിസ്ഥാൻ വിവാദത്തിന്റെ പേരിൽ ഉലഞ്ഞ ബന്ധത്തെ തുടർന്ന് കാനഡയോട് ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

Top